
സിഗരറ്റ് വലിക്കുന്ന കാളീ ദേവി പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി തൃണമൂൽ എം.പി മഹുവ മൊയ്ത്ര. തൻ്റെ കാളീ ദേവി മാംസം ഭക്ഷിക്കുകയും മദ്യം അംഗീകരിക്കുകയും ചെയ്യുന്നതാണെന്ന് മഹുവ മൊയ്ത്ര പറഞ്ഞു. ‘തന്നെ സംബന്ധിച്ചിടത്തോളം മാസം കഴിക്കുന്ന, മദ്യം അംഗീകരിക്കുന്ന ഒരു ദേവതയാണ് കാളി’ മഹുവ മൊയ്ത്ര പറഞ്ഞു.
നീതിന്യായ വ്യവസ്ഥ പവിത്രമല്ലെന്നും ജനങ്ങൾക്ക് ചോദ്യം ചെയ്യാമെന്നും മഹുവ മൊയ്ത്ര പറഞ്ഞു. നീതിന്യായ വ്യവസ്ഥയ്‌ക്കെതിരെ ശബ്ദമുയർത്താൻ പാടില്ലെന്ന ഒരു ആശയം ഇല്ല. ഭരണഘടനയെ ഉയർത്തിപ്പിടിക്കാൻ നീതിന്യായ വ്യവസ്ഥയുണ്ടെന്നും പൊതുജനങ്ങളെന്ന നിലയിൽ നമുക്ക് ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

നൂപുർ ശർമ്മയുടെ പ്രസ്താവനയും ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിൻ്റെ അറസ്റ്റും താരതമ്യം ചെയ്തും മഹുവ സംസാരിച്ചു. രണ്ട് കേസുകളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് എം.പി പറഞ്ഞു. 2018 ൽ സുബൈർ പോസ്റ്റ് ചെയ്തതായി ആരോപിക്കപ്പെടുന്ന ആക്ഷേപകരമായ ട്വീറ്റ് 1983ലെ ഒരു ചിത്രത്തിൻ്റെ പോസ്റ്ററാണ്. പോസ്റ്റ് ചെയ്തതുമുതൽ, ട്വീറ്റ് അക്രമത്തിനോ കലാപത്തിനോ പ്രേരിപ്പിച്ചിട്ടില്ലെന്ന് മഹുവ ചൂണ്ടിക്കാട്ടി.
എന്നാൽ നൂപുർ ശർമ്മയുടെ പരാമർശം അങ്ങനെയല്ല. കലാപത്തിനും അക്രമത്തിനും പ്രേരിപ്പിക്കുകയാണ് ചെയ്തത്. ഈ രണ്ട് കേസുകൾ ഒരിക്കലും താരതമ്യം ചെയ്യാനാകില്ലെന്നും മഹുവ വ്യക്തമാക്കി. മഹാരാഷ്ട്ര പ്രതിസന്ധി ഗൂഢാലോചനയുടെ ഭാഗമാണെന്നും മഹുവ പ്രതികരിച്ചു. ബി.ജെ.പിയുടെ ഗൂഢാലോചനയുടെ ഫലമാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി. നിലവിലെ കൂറുമാറ്റ നിയമങ്ങൾ ശക്തമല്ലെന്നും മഹുവ പ്രതികരിച്ചു.
