മഹാകവി പി.കുഞ്ഞിരാമൻ നായർ ജൈവ നീതിയുടെ കാവ്യരൂപം: ദിവാകരൻ വിഷ്‌ണു മംഗലം

  • Post category:local news / news
  • Reading time:1 min read
You are currently viewing മഹാകവി പി.കുഞ്ഞിരാമൻ നായർ ജൈവ നീതിയുടെ കാവ്യരൂപം: ദിവാകരൻ വിഷ്‌ണു മംഗലം

വെള്ളിക്കോത്ത്‌ / കാസർകോട്: പ്രപഞ്ചത്തിൻ്റെ സൗന്ദര്യോപാസകനായി കവിതയെന്ന നിത്യകന്യകയെ തേടിയുള്ള നിതാന്തമായ സഞ്ചാരമായിരുന്നു മഹാകവിയുടെ പി.യുടെ കാവ്യജീവിതമെന്നും വിശ്വമാനവ ദർശനമാണ് പി കവിതയുടെ അകപ്പൊരുളെന്നും കവി ദിവാകരൻ വിഷ്‌ണു മംഗലം. നെഹ്റു ബാലവേദി ആൻഡ് സർഗ്ഗവേദി വെള്ളിക്കോത്ത് സംഘടിപ്പിച്ച മഹാകവി പി അനുസ്മരണം ഉദ്ഘാടനം ചെയ്‌ത്‌ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സമസ്‌ത ജീവജാലങ്ങളുടെയും ജൈവനീതിക്ക് വേണ്ടിയുള്ള ഒറ്റയാൾ പോരാട്ടമായിരുന്നു പി.യുടെതെന്നും വിശ്വമഹാകവി പരമ്പരയിലാണ് പി.യുടെ സ്ഥാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രക്ഷാധികാരി പി.മുരളീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ബാലവേദി ലൈബ്രറിയിലേക്ക് കെ.എൻ ലീലാവതി ടീച്ചർ നൽകിയ പുസ്തകങ്ങൾ ബാലവേദി പ്രസിഡണ്ട് കെ.വി അർജുൻ ഏറ്റുവാങ്ങി. ചടങ്ങിൽ കവി ദിവാകരൻ വിഷ്‌ണു മംഗലത്തേയും കെ.എൻ. ലീലാവതി ടീച്ചറെയും അനുമോദിച്ചു.

അമിത് കൃഷ്‌ണൻ പി.യുടെ സൗന്ദര്യ ദേവത എന്ന കവിത ആലാപനം നടത്തി. യങ്മെൻസ് ക്ലബ്ബ് പ്രസിഡണ്ട് പി.പി കുഞ്ഞികൃഷ്‌ണൻ നായർ, വനിതാ വേദി പ്രസിഡണ്ട് പി.പി ആതിര, ബാലവേദി പ്രസിഡണ്ട് കെ.വി.അർജുൻ എന്നിവർ ആശംസ പ്രസംഗം നടത്തി. സർഗ്ഗവേദി പ്രസിഡണ്ട് എസ്.ഗോവിന്ദരാജ് സ്വാഗതവും സെക്രട്ടറി വി.വി രമേശൻ നന്ദിയും പറഞ്ഞു.

0Shares