
മധൂർ / കാസർകോട്: മധൂർ ശ്രീ മദനന്തേശ്വര വിനായക ക്ഷേത്രം വാർഷിക മഹോത്സവത്തിന് വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. കേരളത്തിലെയും അന്യസംസ്ഥാനങ്ങളിലും നിരവധി ആളുകളാണ് ക്ഷേത്രദർശനത്തിന് വിവിധ ദിവസങ്ങളായി എത്തിച്ചേർന്നത്.

തിങ്കളാഴ്‌ച ഉളിയത്തടുക്കയിലേക്ക് ദേവൻ്റെ ഘോഷയാത്രയും രാത്രി 7ന് ഭഗവാൻ്റെ മൂലസ്ഥാനത്ത് കട്ട പൂജയും നടന്നു. തുടർന്ന് മധൂർ വെടിത്തറയിൽ ഭഗവാനെ എഴുന്നള്ളിച്ച് പൂജയും ആചാര കരിമരുന്ന് പ്രയോഗവും നടന്നു.

18ന് ചൊവാഴ്‌ച രാവിലെ 7 മണിക്ക് കവടോദ്ഘടനം, തുലാഭാര സേവകൾ, മഹാപൂജ, പ്രസാദ വിതരണം തുടങ്ങിയവ നടന്നു. വൈകുന്നേരം തായമ്പക, ദീപാരാധന, ഉത്സവ ബലി, തുടർന്ന് ക്ഷേത്ര കുളത്തിൽ ദേവൻ്റെ അവഭൃതസ്‌നാനം, ബട്ടലുകാണിക്ക, രാജാങ്കണ പ്രസാദം എന്നിവയുണ്ടായി. ധ്വജാവരോഹണത്തോടെ ആണ് മഹോത്സവ ആഘോഷങ്ങൾക്ക് സമാപനം. നിരവധി ഭക്തരാണ് വാർഷിക ആഘോഷ ദിവസങ്ങളിൽ മധൂർ ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയത്.
