പരിഷ്കാരങ്ങളിലേക്കുള്ള പാത നമ്മെ പുതിയ നാഴികക്കല്ലുകളിലേക്ക് എത്തിക്കും; അഗ്നിപഥ് പദ്ധതിയെ ന്യായീകരിച്ച് പ്രധാനമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing പരിഷ്കാരങ്ങളിലേക്കുള്ള പാത നമ്മെ പുതിയ നാഴികക്കല്ലുകളിലേക്ക് എത്തിക്കും; അഗ്നിപഥ് പദ്ധതിയെ ന്യായീകരിച്ച് പ്രധാനമന്ത്രി

‘അഗ്നിപഥി’നെതിരെ പ്രതിഷേധം കത്തുമ്പോൾ പദ്ധതിയെ പരോക്ഷമായി ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ”ചില തീരുമാനങ്ങൾ ആദ്യം പലർക്കും അരോചകമായി തോന്നിയേക്കാം. എന്നാൽ കാലങ്ങൾക്ക് ശേഷം ഈ തീരുമാനങ്ങൾ പലതും രാജ്യം കെട്ടിപ്പടുക്കാൻ സഹായിക്കും. പരിഷ്കാരങ്ങളിലേക്കുള്ള പാത നമ്മെ പുതിയ നാഴികക്കല്ലുകളിലേക്ക് എത്തിക്കു”മെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

എന്നാൽ ‘അഗ്നിപഥി’നെക്കുറിച്ച് നേരിട്ടൊരു പരാമർശം നടത്താൻ അദ്ദേഹം തയ്യാറായില്ല. ബെംഗളുരുവിൽ നടന്ന പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടയിൽ അഗ്നിപഥ് പദ്ധതിക്കുള്ള രജിസ്ട്രേഷൻ ജൂലൈയിൽ തുടങ്ങുമെന്ന് വ്യക്തമാക്കി കരസേന വിജ്ഞാപനമിറക്കി. വിമുക്തഭടപദവി അഗ്നിവീറുകൾക്ക് ഉണ്ടാവില്ലെന്നും സേനയുടെ അറിയിപ്പിൽ പറയുന്നു. പത്താം ക്ലാസ്, എട്ടാം ക്ളാസ് എന്നിവ പാസ്സായവർക്കാണ് സേനയിൽ അഗ്നീവീറുകളായി വിവിധ തസ്തികകളിൽ അവസരം.

ഇരുപത്തിയഞ്ച് ശതമാനം പേർക്ക് നാലു വർഷത്തെ സേവനത്തിനു ശേഷം 15 വർഷം കൂടി തുടരാൻ അവസരം ഉണ്ടാകും എന്ന് സേന പുറത്തിറക്കിയ 19 പേജുള്ള വിജ്ഞാപനത്തിൽ പറയുന്നു. എന്നാൽ അഗ്നിവീറുകൾക്ക് വിമുക്ത ഭട പദവിയോ വിമുക്ത ഭടൻമാരുടെ ആരോഗ്യപദ്ധതി, ക്യാന്‍റീൻ സൗകര്യം എന്നിവയോ ഉണ്ടായിരിക്കില്ല.

0Shares