
കണ്ണൂർ: എസ്ഡിപിഐയുമായി ഒരു നീക്കുപോക്കും സി.പി.എം ഉണ്ടാക്കിയിട്ടില്ലെന്ന് സി.പി.എം ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബി. അവരുടെ ശൈലി ജനാധിപത്യ പ്രവർത്തനത്തിനു ഗുണം അല്ലെന്നും എന്നാൽ പി.ഡി.പി പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പി.ഡി.പിയുടെ പഴയ നിലപാട് അല്ല ഇപ്പോഴെന്നും അത് മഅദനി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്തസാക്ഷികളുടെ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർ സീറ്റ് കിട്ടാതാകുമ്പോൾ പുച്ഛിച്ച് പുറത്തുപോകരുത്. പ്രസ്ഥാനത്തെ അരുംകൊല ചെയ്തവർക്ക് ഒപ്പം പോകുന്നത് അധഃപതനമാണ്. അപൂർവ്വം ചിലരിൽ പാർലമെന്ററി മോഹം ഉണ്ടെന്നും പാർട്ടി വിട്ടവരെ പേരെടുത്ത് പറയാതെ അദ്ദേഹം പറഞ്ഞു. അതേസമയം, രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിലും എംഎ ബേബി പ്രതികരിച്ചു. കണക്കുകളിൽ വീഴ്ച്ച ഉണ്ടായാൽ പാർട്ടി നടപടി എടുക്കാറുണ്ടെന്നും പയ്യന്നൂർ ഏരിയ കമ്മിറ്റിയെ കുറിച്ചുള്ള ആക്ഷേപം തെറ്റാണെന്നുമായിരുന്നു പ്രതികരണം. എസ്ഡിപിഐ, ആർഎസ്എസ് ഉൾപ്പെടെയുള്ള ഒരു വർഗീയ ഭ്രാന്തിൻ്റെയും വോട്ട് വേണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. ആർഎസ്എസും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും എല്ലാം മതഭ്രാന്തിൻ്റെ വ്യത്യസ്ഥ പേരുകളാണ്. അവരോട് സന്ധിയില്ലെന്നും ഒരു വർഗീയ ഭ്രാന്തിൻ്റെയും വോട്ട് വേണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
