
വരന് താലി കൈമാറുന്നതിന് തെട്ടുമുമ്പ് താലി തട്ടിപ്പറിച്ച് വധുവിൻ്റെ കഴുത്തില്‍ കെട്ടാന്‍ കാമുകൻ്റെ ശ്രമം. പൂജാരിയില്‍ നിന്നും താലി തട്ടിപ്പറിച്ചെങ്കിലും ഇത് വധുവിൻ്റെ കഴുത്തില്‍ ചാര്‍ത്താന്‍ കാമുകന് സാധിച്ചില്ല. അതിന് മുന്‍പ് വധുവിൻ്റെ വീട്ടുകാര്‍ തടയുകയും ഇയാളെ വലിച്ചിഴച്ച് പുറത്ത്‌കൊണ്ടുപോയി മര്‍ദ്ദിക്കുകയുമായിരുന്നു.
തമിഴ്‌നാട്ടിലെ തൊണ്ടിയാര്‍പേട്ട് നേതാജി നഗറിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിനിടെയാണ് നാടകീയരംഗങ്ങള്‍ നടന്നത്. മറൈന്‍ എന്‍ജിനീയറായ 21 കാരനും ഹോട്ടല്‍ ജീവനക്കാരിയായ 20കാരിയും തമ്മിലായിരുന്നു വിവാഹം. വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ ചെന്നൈ സ്വദേശിയായ 24 കാരനാണ് താലി തട്ടിപ്പറിച്ചത്. ഇതോടെ കല്യാണം മുടങ്ങുകയായിരുന്നു.
കല്യാണ വേദി സംഘര്‍ഷാവസ്ഥയിലെത്തിയതോടെ പോലീസ് സ്ഥലത്തെത്തി കാമുകനെ കസ്റ്റഡിയിലെടുത്തു. താലി തട്ടിപ്പറിച്ച യുവാവ് വധുവിൻ്റെ കാമുകനാണെന്നും ഇയാളും യുവതിയും പ്രണയത്തിലായിരുന്നെന്നും പോലീസ് പറഞ്ഞു. രണ്ടുവര്‍ഷത്തോളം ഇവര്‍ ഒരുമിച്ച് ചെന്നൈയിലെ ഒരു സ്ഥാപനത്തില്‍ ജോലിചെയ്തിരുന്നെന്നും ഇവരുടെ മാതാപിതാക്കളാണ് ഈ ബന്ധത്തെ എതിര്‍ത്തിരുന്നതെന്നും പോലീസ് അറിയിച്ചു.

വിവാഹം മുടങ്ങിയതിന് ശേഷം വധുവിൻ്റെയും വരൻ്റെയും വീട്ടുകാര്‍ തമ്മില്‍ വാക്കേറ്റവുമുണ്ടായി. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ച ഇരുവീട്ടുകാരും തമ്മില്‍ തുടരുകയാണെന്നും ഇതുവരെ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
