
കണ്ണൂർ സർവകലാശാലാ വിസി നിയമനത്തിൽ മന്ത്രി ആർ. ബിന്ദു അധികാര ദുർവിനിയോഗം നടത്തിയില്ലെന്ന ലോകായുക്ത വിധിക്കെതിരെ പരാതിക്കാരനായ കോൺഗ്രസ് എം.എൽ.എ രമേശ് ചെന്നിത്തല. ലോകായുക്ത വിധി യുക്തി ഭദ്രമല്ലെന്നും ഉന്നയിച്ച വാദങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും മന്ത്രി നടത്തിയെന്നതടക്കമുള്ള വാദങ്ങൾ 100% വസ്തുതാപരമാണ്.

അതിപ്പോഴും പ്രസക്തവുമാണ്. ലോകായുക്തയെ അല്ല വിധിയെയാണ് വിമർശിക്കുന്നത്. ജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയാത്ത വിധിയാണ് ലോകായുക്തയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലയെന്നാണ് ലോകായുക്ത വിധിയിൽ പറഞ്ഞത്. മന്ത്രി സർവകലാശാലക്ക് അന്യയല്ലെന്നും ആർ. ബിന്ദു നൽകിയത് നിർദേശം മാത്രമാണെന്നും ലോകായുക്ത വിശദീകരിച്ചു.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫാണ് വിധി പറഞ്ഞത്. മന്ത്രി ഇത്തരത്തിൽ നിർദേശം നൽകുമ്പോൾ സർവകലാശാല ചാൻസലറായ ഗവർണർക്ക് അത് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്നും എന്നാൽ ഈ സാഹചര്യത്തിൽ മന്ത്രിയുടെ നിർദേശം ഗവർണർ അംഗീകരിക്കുകയാണ് ചെയ്തതെന്നും ലോകായുക്ത നിരീക്ഷിച്ചു.
