
ആലപ്പുഴ തോട്ടപ്പള്ളി സ്‌പില്‍വേയില്‍ നിന്ന് മണല്‍ കടത്തിയതിന് തെളിവുണ്ടോ എന്ന് ലോകായുക്ത. മണല്‍ക്കടത്ത് അന്വേഷിക്കണമെന്ന ഹർജി പരിഗണിക്കവെ ആണ് ഹർജിക്കാരനോട് ലോകായുക്തയുടെ ചോദ്യം.
തെളിവില്ലാതെ ആരോപണങ്ങള്‍ മാത്രം ഉന്നയിച്ചാല്‍ എങ്ങനെ അന്വേഷണം നടത്തുമെന്നും ലോകായുക്ത ചോദിച്ചു. ഈ മാസം 29ന് കേസ് വീണ്ടും പരിഗണിക്കും.
സി.എം.ആർ.എല്ലിനെ ഹർജിക്കാരൻ്റെ പരാതിയില്‍ എന്തുകൊണ്ട് കക്ഷി ചേർത്തില്ലെന്ന് ലോകായുക്ത ചോദിച്ചു. ഹർജിക്കാരൻ തർക്കപരിഹാര ബോർഡിൻ്റെ ഉത്തരവ് കൂടി പരിഗണിക്കണമെന്ന് മറുപടി നല്‍കി.

ഈ ഉത്തരവ് കേസില്‍ കൊണ്ടുവന്നതിൻ്റെ പ്രസക്തി എന്തെന്ന് ലോകായുക്ത ചോദിച്ചു. ഹർജിക്കാരൻ്റെ വാദങ്ങള്‍ പ്രാഥമികമായി തൃപ്‌തകരമല്ലെന്നും ലോകായുക്ത. കെ.എം.എം.എല്‍ അഭിഭാഷകനും സി.എം.ആർ.എല്ലുമായി ഒരു കരാറുമില്ലെന്ന് അറിയിച്ചു.
99 കോടിയോളം രൂപയുടെ കരിമണല്‍ അനധികൃതമായി സി.എം.ആര്‍.എല്‍ കടത്തി എന്നാണ് പരാതി. തോട്ടപ്പള്ളിയില്‍ നിന്ന് 10 ലക്ഷത്തോളം ടണ്‍ കരിമണല്‍ സി.എം.ആര്‍.എല്‍ കടത്തിയെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
