
ആര്‍ക്കൊക്കെയാണ് പാസ് ആവശ്യം?
ആശുപത്രി ജീവനക്കാര്‍ പാസ്സോടു കൂടിയേ പുറത്തിറങ്ങാവൂ. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവര്‍ക്കെല്ലാം പാസ് ആവശ്യമാണ്. ഡാറ്റാ സെന്റര്‍ ഓപ്പറേറ്റര്‍മാര്‍ക്കും പോലീസിന്‍റെ പാസ് വാങ്ങി പുറത്തിറങ്ങാവുന്നതാണ്. മൊബൈല്‍ ടവര്‍ ടെക്നീഷ്യന്‍സിനും മറ്റ് ജീവനക്കാര്‍ക്കും പോലീസ് പാസ് ലഭിക്കും.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒഴിവാക്കപ്പെട്ടിട്ടുള്ള ഇതര സ്ഥാപനങ്ങളിലെ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും പാസ്സ് വാങ്ങി പുറത്തിറങ്ങാനുള്ള അനുമതി നേടാം. കോവിഡ് പ്രതിരോധ മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പാസ്സ് ലഭിക്കും.

ഭക്ഷ്യ സാമഗ്രികള്‍ വില്‍ക്കുന്ന കടകളിലെ ജീവനക്കാര്‍ക്കും പാല്‍, പത്രം എന്നിവ വില്‍ക്കുന്നവര്‍ക്കും പാസ്സ് ലഭിക്കും. മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍ക്കും ഈ മാര്‍ഗം ഉപയോഗിക്കാവുന്നതാണ്. പെട്രോള്‍ ബങ്ക് ജീവനക്കാര്‍, പാചകവാതക വിതരണം നടത്തുന്നവര്‍ എന്നിവര്‍ക്കും പാസ് മൂലം പൊതുസ്ഥലങ്ങളില്‍ പ്രവേശനം കിട്ടും. സ്വകാര്യമേഖലയിലെ സുരക്ഷാ ജീവനക്കാര്‍ക്കും ഈ സൗകര്യമുണ്ട്.
പാസ്സില്ലാതെ പുറത്തിറങ്ങാവുന്നവര്‍:
പൊതുജനത്തിന് തൊട്ടടുത്ത കടകളില്‍ സാധനം വാങ്ങാന്‍ പോകാന്‍ പാസ് ആവശ്യമില്ല. സര്‍ക്കാര്‍ ജീവനക്കാര്‍, പത്ര/മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സ്ഥാപനങ്ങളുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്. സ്വകാര്യവാഹനങ്ങളില്‍ അടിയന്തിരമായ സ്വകാര്യ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന മറ്റുള്ളവര്‍ പോലീസിന് സത്യവാങ്മൂലം നല്‍കേണ്ടതുണ്ട്.
യാത്ര പുറപ്പെടും മുമ്പു തന്നെ ഈ സത്യവാങ്മൂലം തയ്യാറാക്കി വെച്ചിരിക്കണം. ഇന്നത്തെ പത്രമാധ്യമങ്ങള്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെട്ടിയെടുത്ത് ഉപയോഗിക്കാവുന്നതാണ്. സത്യവാങ്മൂലത്തില്‍ സംശയം തോന്നിയാല്‍ പോലീസിന് അതിന്മേല്‍ ഉടനടി അന്വേഷണം നടത്താനും നടപടിയെടുക്കാനും സാധിക്കും. സത്യവാങ്മൂലം നുണയാണെന്ന് തെളിഞ്ഞാലും നടപടിയുണ്ടാകും.
