
ഇന്ത്യയിൽ കൊവിഡ് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും. അഞ്ചാം ഘട്ട ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. നാലാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ഇനി നാല് ദിവസം ബാക്കിയുള്ളപ്പോഴാണ് കേന്ദ്രം കൂടിയാലോചനകള്‍ നടത്തുന്നത്. ലോക്ക് ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം തന്നെ കേന്ദ്രത്തിന്‍റെ മാര്‍ഗനിര്‍ദേശം ഉണ്ടാകുമെന്നാണ് അറിയുന്നത്.

ഇപ്പോഴുള്ള നാലാം ഘട്ട ദേശീയ ലോക്ക് ഡൗണ്‍ തുടങ്ങിയ ഘട്ടത്തില്‍ തന്നെ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അധികാരം നല്‍കിയിരുന്നു. അതേ നിലപാട് അഞ്ചാം ഘട്ടത്തിലും തുടരുമെന്നാണ് കേന്ദ്രവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ദേശീയ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാലും പ്രത്യേക മേഖലകളിലെ ഇളവ് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കും. മെട്രോ സര്‍വീസുകള്‍ക്ക് ഇത്തവണ അനുമതി നല്‍കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അന്താരാഷ്ട്ര വിമാന സര്‍വീസിന് അനുമതി നല്‍കാന്‍ സാധ്യതയില്ല.
ഇതിനൊപ്പം തന്നെ ജിമ്മുകളും ഷോപ്പിങ് മാളുകളും ആരാധനാലയങ്ങളും തുറക്കാന്‍ ചില സംസ്ഥാനങ്ങള്‍ അനുമതി ചോദിച്ചിട്ടുണ്ട്.
