
കാസര്‍കോട് : സമ്പൂര്‍ണ ശുചിത്വമെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്‍റെ ഭാഗമായി ജില്ലയിലെ 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശുചിത്വ പദവിയിലേക്ക് ഉയരുന്നു. മാലിന്യ സംസ്‌കരണത്തില്‍ മികവ് തെളിയിച്ച തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം ശനിയാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
മടിക്കൈ, ബേഡഡുക്ക, കോടോം ബേളൂര്‍, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂര്‍-ചീമേനി, പനത്തടി, തൃക്കരിപ്പൂര്‍,പിലിക്കോട്, പുല്ലൂര്‍-പെരിയ, കള്ളാര്‍, പള്ളിക്കര, ദേലംപാടി, പുത്തിഗെ, അജാനൂര്‍, ഉദുമ, പൈവളിഗെ, ചെറുവത്തൂര്‍, കുറ്റിക്കോല്‍, കിനാനൂര്‍-കരിന്തളം പഞ്ചായത്തുകള്‍ക്കും നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകള്‍ക്കും കാഞ്ഞങ്ങാട് ബ്ലോക്കിനുമാണ് ശുചിത്വ പദവി ലഭിച്ചത്.

തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ മിഷന്‍, തൊഴിലുറപ്പ് മിഷന്‍ എന്നിവര്‍ സംയുക്തമായി ആവിഷ്‌കരിച്ച നടപടി ക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്‌കരണത്തില്‍ മികവു തെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തെരഞ്ഞെടുത്തത്.
ജൈവ മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കുക, അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക, അജൈവ മാലിന്യ ശേഖരണത്തിന് ഹരിത കര്‍മസേനയുടെ സേവനവും സൂക്ഷിക്കുന്നതിന് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയും ഒരുക്കുക, പൊതു സ്ഥലങ്ങള്‍ മാലിന്യമുക്തമാക്കുക, സര്‍ക്കാര്‍ ഓഫീസുകളിലും പൊതു സ്വകാര്യ ചടങ്ങുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുക, പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പിലാക്കുക തുടങ്ങി 20 നിബന്ധനകള്‍ സൂചകങ്ങളായി നിശ്ചയിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിച്ചാണ് ശുചിത്വ പദവി നിര്‍ണയം നടത്തിയത്.
100 ല്‍ 60 മാര്‍ക്കിനു മുകളില്‍ ലഭിച്ച തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളാണ് ശുചിത്വ പദവിക്ക് അര്‍ഹത നേടിയത്. ഇപ്പോഴുള്ള ശുചിത്വ പദവി പ്രഖ്യാപനം സമ്പൂര്‍ണ ശുചിത്വത്തിന്‍റെ ആദ്യഘട്ടമാണ്. ഖരമാലിന്യ സംസ്‌കരണത്തിനു പുറമെ ദ്രവവാതക മാലിന്യ സംസ്‌കരണ മാര്‍ഗങ്ങളുള്‍പ്പെടെ ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ എല്ലാ ഘടകങ്ങളും പ്രാവര്‍ത്തികമാക്കുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ ശുചിത്വ പദവി നല്‍കും.
സംസ്ഥാനത്തെ 589 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി സംസ്ഥാനതല പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തുന്നത്. 501 ഗ്രാമപഞ്ചായത്തുകളും 58 നഗരസഭകളും 30 ബ്ലോക്കുപഞ്ചായത്തുകളുമാണ് നേട്ടം കൈവരിച്ചത്. ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും.
