
കാസര്‍കോട്: വ്യാജ മദ്യത്തിനും മയക്കുമരുന്നിനും എതിരെ കാസർകോട്ടെ എക്‌സൈസ് ഉദ്യോഗസ്ഥർ വേട്ട ശക്തമാക്കി. എക്‌സൈസ് സംഘത്തിൻ്റെ നേതൃത്വത്തില്‍ ജില്ലയില്‍ പരക്കെ പരിശോധന തുടരുന്നു. അഞ്ചിടങ്ങളില്‍ നിന്ന് മദ്യം പിടിച്ചു. കാസര്‍കോട് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി സുരേഷും സംഘവും കൂഡ്‌ലു ആര്‍.ഡി നഗറില്‍ നടത്തിയ പരിശോധനയില്‍ 25.94 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശമദ്യം പിടികൂടി.
കാസര്‍കോട് ഭാഗത്തേക്ക് കാറില്‍ കടത്തിക്കൊണ്ടുവന്ന 25 ലിറ്റര്‍ ചാരായവുമായി പാലാ വയല്‍ വെടുക്കത്ത് ഹൗസിലെ വി.വിജയനെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെണ്ട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ജയിംസ് എബ്രഹാം കുരിയോയും സംഘവും വെള്ളരിക്കുണ്ട് പാലാവയലില്‍ നടത്തിയ പരിശോധനയില്‍ അറസ്റ്റ് ചെയ്‌തു.

കീഴൂരില്‍ നടത്തിയ പരിശോധനയിൽ സ്‌കൂട്ടറില്‍ കടത്തി കൊണ്ടുവന്ന നാല് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.വി രഞ്ജിത്തും സംഘവും പിടിച്ചു.
എക്‌സൈസ് റെയ്‌ഡ് നടക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട ഡി.ബിജേഷിനെതിരെ കേസെടുത്തു. ബദിയടുക്ക എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിനു എച്ചും സംഘവും ഒബ്രങ്കള കൊറക്കാനയില്‍ നടത്തിയ പരിശോധനക്കിടെ രണ്ടര ലിറ്റര്‍ വ്യാജ മദ്യം പിടിച്ചു. സംഭവത്തില്‍ സതീശ എന്ന ആൾക്കെതിരെ കേസെടുത്തു.
പെര്‍മുദെയില്‍ കുമ്പള റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ.വി മനാസും സംഘവും നടത്തിയ പരിശോധനയിൽ 180 മില്ലിയുടെ 27 പാക്കറ്റ് (4.86 ലിറ്റര്‍) മദ്യം പിടികൂടി. സംഭവത്തില്‍ പെരിയടുക്ക സന്തോഷ് നിലയത്തിലെ പി.സന്ദേശിന് എതിരെ കേസെടുത്തു.
Report: Peethambaran Kuttikol
