ചെങ്കള പഞ്ചായത്ത് അഞ്ചാം വാർഡിലെ ഇടതു സ്വതന്ത്രൻ പൊതു സ്വതന്ത്രനായി; ലീഗ് കോട്ടയിൽ നേതാക്കളുടെ കണക്കുകൂട്ടൽ പിഴച്ചു; തെരഞ്ഞടുപ്പ് ഓഫീസ് തുറന്ന് പ്രവർത്തനം സജീവമാക്കി സ്വതന്ത്രൻ

You are currently viewing ചെങ്കള പഞ്ചായത്ത് അഞ്ചാം വാർഡിലെ ഇടതു സ്വതന്ത്രൻ പൊതു സ്വതന്ത്രനായി; ലീഗ് കോട്ടയിൽ നേതാക്കളുടെ കണക്കുകൂട്ടൽ പിഴച്ചു; തെരഞ്ഞടുപ്പ് ഓഫീസ് തുറന്ന് പ്രവർത്തനം സജീവമാക്കി സ്വതന്ത്രൻ

ഇലക്ഷൻ സ്പെഷ്യൽ

ചെർക്കള/ കാസർകോട്: മുസ്‌ലിം ലീഗിലെ ആഭ്യന്തര പ്രശ്നം കാരണം നാട്ടുകാർ പാർട്ടിക്ക് എതിരെ തിരിഞ്ഞതോടെ അവസരം മുതലെടുത്ത് സ്വതന്ത്ര സ്ഥാനാർത്ഥി. എൽ.ഡി.എഫ് പിന്തുണയോടെ കളത്തിലിറങ്ങിയ സ്ഥാനാർത്ഥി നാട്ടുകാരുടെ പിന്തുണകൂടി ലഭിച്ചതോടെ പൊതു സ്വതന്ത്രനായി മാറി. നാട്ടുകാരിൽ പിന്തുണ അറിയിച്ചവരിൽ കൂടുതലും മുസ്‌ലിം ലീഗിലെ സജീവ പ്രവർത്തകരാണ്. എൽ.ഡി.എഫ് സ്വതന്ത്രനായാൽ വിജയ സാധ്യത ഉണ്ടാവില്ല എന്ന നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ചാണ് പൊതു സ്വാതന്ത്രനാവാൻ തീരുമാനിച്ചതെന്ന് സ്ഥാനാർത്ഥി സി.കെ ലത്തീഫ് ചാനൽ ആർ.ബിയോട് പറഞ്ഞു.

അതേസമയം മുസ്‌ലിം ലീഗിലെ പ്രശ്നം പരിഹരിക്കാൻ നേതാക്കൾ ശ്രമം ആരംഭിച്ചു. കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് അടക്കമുള്ള മുസ്‌ലിം ലീഗിലെ മുതിർന്ന നേതാക്കൾ വാർഡിലെ പിണങ്ങിനിൽക്കുന്ന നേതാക്കളുമായി ഫോണിൽ സംസാരിച്ചു. എന്നാൽ നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധത്തിൽ അയവില്ല എന്നാണ് റിപ്പോർട്ട്.

ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇടയിൽ തന്നെ യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുല്ല കുഞ്ഞി ചെർക്കള പര്യടനത്തിറങ്ങി. ടൗണിലെ കടകൾ കയറിയിറങ്ങി ഓരോ വ്യക്തികളോടും വോട്ട് ചോദിച്ചാണ് പ്രചാരണം ആരംഭിച്ചത്. പ്രചാരണത്തിന്‍റെ ആദ്യം എന്ന നിലക്ക് പ്രതികരണം മോശമാണെന്നും എന്നാൽ പ്രശ്നങ്ങൾ പരിഹരിച്ച് വിജയം ഉറപ്പാക്കുമെന്നും അബ്ദുല്ല കുഞ്ഞിയുമായി അടുത്ത് ബന്ധപ്പെട്ടവർ ചാനൽ ആർ.ബിയോട് പറഞ്ഞു. ഇതിനായി വരും ദിവസങ്ങളിൽ ജില്ലാ നേതാക്കളെ തന്നെ രംഗത്തിറക്കാനാണ് വാർഡിലെ ലീഗ് നേതാക്കളുടെ ശ്രമം.

സ്വതന്ത്ര സ്ഥാനാർത്ഥിക്ക് നാട്ടുകാരുടെയും ഒരുകൂട്ടം ലീഗ് പ്രവർത്തകരുടെയും പിന്തുണ ലഭിച്ചതോടെ രാഷ്ട്രീയ പാർട്ടിയെ വെല്ലുന്ന വലിയ തെരഞ്ഞടുപ്പ് ഓഫിസും ടൗണിൽ തന്നെ തുറന്നു. വൻ ജന പങ്കാളിത്തത്തോടെയാണ് ഓഫീസ് തുറന്നത്. ഇതിന്‍റെ ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയാണ്‌.

0Shares