
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കിറ്റും പെൻഷനും മുടക്കാൻ വേണ്ടി പ്രതിപക്ഷ നേതാവ് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട് നന്നാവുന്ന ഒരു കാര്യവും നടക്കരുതെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇരട്ടവോട്ടും മഷി മായ്ക്കാനുള്ള രാസവസ്തു സംഘടിപ്പിക്കുന്നതും എല്ലാം യു.ഡി.എഫ് ആണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പ്രതിപക്ഷം ഉന്നയിച്ച ആഴക്കടൽ വിവാദത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2016ന് മുമ്പ് കേരളത്തിൽ അഴിമതി നിറഞ്ഞാടിയിരുന്നു എന്നും ഇപ്പോൾ ആ ദുഷ്‌പേര് മാറിയെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവർത്തകരുടെ സ്വത്ത് സംബന്ധിച്ച് സുതാര്യമായ വിവരങ്ങൾ ലഭിക്കും. വികസനത്തിലും ജനക്ഷേമത്തിലും വിട്ടുവീഴ്ചയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണങ്ങൾ കൊണ്ട് സർക്കാരിനെ താഴെയിറക്കാൻ പ്രതിപക്ഷം നടത്തിയ നീക്കം പരാജയപ്പെട്ടു എന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
