അറിയണം ജലശുദ്ധി; വെള്ളത്തിൻ്റെ ഗുണനിലവാരമറിയാന്‍ ഉപജില്ലാ ലാബുകളും സജ്ജം

  • Post category:local news
  • Reading time:2 mins read
You are currently viewing അറിയണം ജലശുദ്ധി; വെള്ളത്തിൻ്റെ  ഗുണനിലവാരമറിയാന്‍ ഉപജില്ലാ ലാബുകളും സജ്ജം

കാസർകോട്: ഉപയോഗിക്കുന്ന ജലം സുരക്ഷിതമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താന്‍ കേരള ജല അതോറിറ്റിയുടെ ജില്ലാ ജല പരിശോധന ലാബിനെ മാത്രം ആശ്രയിക്കേണ്ട. ജല അതോറിറ്റിയുടെ കീഴില്‍ വിദ്യാനഗറിലെ ജില്ലാ ലാബിന് പുറമെ മൂന്ന് ഉപജില്ല ലാബുകളെയും പൊതുജനങ്ങള്‍ക്ക് സമീപിക്കാം.

പുലിക്കുന്ന്, കാഞ്ഞങ്ങാട്-ചാമുണ്ഡിക്കുന്ന്, എന്നിവിടങ്ങളിലാണ് ഉപജില്ലാ ലാബുകള്‍ പ്രവര്‍ത്തിക്കുന്നത്. കാറഡുക്കയിലെ ബോവിക്കാനത്തെ ലാബ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ബോവിക്കാനത്തെ ലാബിന് മാത്രമാണ് എന്‍.എ.ബി.എല്‍ (ലബോറട്ടറികളുടെ പരിശോധനയ്ക്കും കാലിബ്രേഷനുമുള്ള ദേശീയ അക്രഡിറ്റേഷന്‍ ബോര്‍ഡ്) അംഗീകാരം ലഭിക്കാന്‍ ബാക്കിയുള്ളത്.

അറിയണം ജലശുദ്ധി

ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം സമൂഹത്തിൻ്റെ ആരോഗ്യ സംരക്ഷണത്തിനും സുസ്ഥിരമായ വികസനത്തിനും അത്യന്താപേക്ഷികമാണ്. വെള്ളത്തിൻ്റെ നിറമോ മണമോ രുചിഭേദമോ മാത്രം കണക്കിലെടുത്ത് വെള്ളം ശുദ്ധമാണെന്ന് പറയാന്‍ സാധിക്കില്ല. കുടിവെള്ളത്തിൻ്റെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്നത് അതിൻ്റെ ഭൗതിക, രാസ, ജൈവ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും. ഒരു രാസപരിശേധനയില്‍ കൂടി മാത്രമേ കുടിവെള്ളത്തിലോ അതിന്റെ സ്രോതസ്സിലോ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ അളവ് നിര്‍ണ്ണയിക്കാന്‍ സാധിക്കുകയുള്ളൂ.

സ്വന്തം വീട്ടിലെ കിണര്‍വെള്ളം ഏറ്റവും ശുദ്ധമാണെന്നും അത് ജല അതോറിട്ടിയുടെ പൈപ്പ് വെള്ളത്തിനേക്കാളും ഗുണമേന്മയുള്ളതാണെന്നും ഒരു ധാരണ സമൂഹത്തിലുണ്ട്. എന്നാല്‍ കിണറുമായി ശരിയായ അകലം പാലിക്കാതെയുള്ള സെപ്റ്റിക് ടാങ്കും അവയ്ക്ക് ശാസ്ത്രീയമായ സോക്ക് പിറ്റ് ഇല്ലാത്തതും നമ്മുടെ വീടുകളിലെ ഭൂരിഭാഗം കിണര്‍ വെള്ളത്തിലും ഇ-കോളി പോലുള്ള ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും വളരെ കൂടുതലാണെന്നാണ് പല സര്‍വ്വേകളും വ്യക്തമാക്കുന്നുണ്ട്.

എന്തൊക്കെ പരിശോധിക്കാം

വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിൻ്റെ സ്രോതസുകളിലെ സാമ്പിളുകള്‍ക്ക് പുറമെ സ്വകാര്യ വ്യക്തികളുടെ കിണറുകളിലെയും ജലത്തിൻ്റെ ഗുണനിലവാരം ഇവിടങ്ങളില്‍ പരിശോധിക്കാം. നിറം, ദുര്‍ഗന്ധം, വൈദ്യുത ചാലകത, അസിഡിറ്റി, ക്ഷാരത്വം, സള്‍ഫേറ്റ്, അലിഞ്ഞിരിക്കുന്ന ഖര ദ്രവ്യങ്ങള്‍, ജല കാഠിന്യത, കാല്‍സ്യം, മഗ്‌നീഷ്യം, ക്ലോറൈഡ്, ഫ്ളൂറൈഡ്, ഇരുമ്പ്, നൈട്രേറ്റ്, അവക്ഷിപ്ത ക്ലോറിന്‍, കോളിഫോം, ഇ-കോളി എന്നിവയാണ് ലാബുകളില്‍ പരിശോധിക്കുന്നത്.

പരിശോധനയ്ക്ക് ആവശ്യമായ പണം ഓണ്‍ലൈന്‍ ആയി അടച്ച് ജല സാമ്പിളുകള്‍ രജിസ്റ്റര്‍ ചെയ്ത് എത്തിക്കണം. ഭൗതിക-രാസ-ബാക്ടീരിയോളജിക്കല്‍ പരിശോധന ഗാര്‍ഹിക ആവശ്യത്തിന് 850 രൂപയും ഗാര്‍ഹികേതര ആവശ്യത്തിന് 2790 രൂപയുമാണ് അടക്കേണ്ടത്. സാമ്പിളുകള്‍ പരിശോധിക്കുമ്പോള്‍ പല ജലാശലയങ്ങളിലും കോളിഫോം, ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ ഗുണനിലവാരമുള്ള സുരക്ഷിതമായ കുടിവെള്ളം ഉറപ്പുവരുത്താന്‍ ജല പരിശോധനാ ലാബുകള്‍ പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ശിവപ്പ നായിക് അറിയിച്ചു.

0Shares