വാളയാർ പീഡന കേസ്, പ്രതി കുട്ടിമധു തൂങ്ങി മരിച്ച നിലയിൽ; സിങ്ക് ഫാക്ടറിയിലെ മുറിയിലാണ് സംഭവം, ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing വാളയാർ പീഡന കേസ്, പ്രതി കുട്ടിമധു തൂങ്ങി മരിച്ച നിലയിൽ; സിങ്ക് ഫാക്ടറിയിലെ മുറിയിലാണ് സംഭവം, ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം

കൊച്ചി: വാളയാർ പീഡനക്കേസിലെ നാലാം പ്രതി കുട്ടിമധു എന്ന മധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി ബിനാനി സിങ്ക് ഫാക്ടറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പൂട്ടിപ്പോയ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇയാൾ.

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിഗമനത്തിൽ ആത്മഹത്യ ആണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരായ പെൺകുട്ടികൾ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കേസിലെ നാലാം പ്രതിയായിരുന്നു കുട്ടിമധു എന്ന മധു. 13 ഉം ഒമ്പതും വയസുള്ള രണ്ട് പെൺകുട്ടികളെ 52 ദിവസങ്ങളുടെ ഇടവേളയിൽ ഒറ്റമുറി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ മരണത്തിന് മുമ്പ് ഇവർ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.

2017 ജനുവരി 13ന് 13 വയസുള്ള മൂത്ത സഹോദരിയെ ഒമ്പത് വയസുള്ള ഇളയ സഹോദരി ഒറ്റമുറി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുഖം മറച്ചുകൊണ്ട് രണ്ടുപേർ അന്ന് വീട്ടിൽ നിന്ന് ഇറങ്ങുന്നത് താൻ കണ്ടതായി ഇളയ സഹോദരി പിന്നീട് പോലീസിനോട് പറഞ്ഞിരുന്നു.

മകളെ കൊലപ്പെടുത്തിയതാണെന്ന് നിർമാണ തൊഴിലാളികളായ മാതാപിതാക്കൾ ആരോപിച്ചിട്ടും അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. രണ്ടുമാസത്തിന് ശേഷം, മാർച്ച് നാലിന് ഇളയ സഹോദരിയെയും, ഇതേമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കേസിൽ ഒന്നാം പ്രതി വി മധു, രണ്ടാം പ്രതി രാജാക്കാട് സ്വദേശിയായ ഷിബു, മൂന്നാം പ്രതി ചേർത്തല സ്വദേശിയായ പ്രദീപ്, നാലാം പ്രതി കുട്ടിമധു എന്ന എം.മധു എന്നിവരെ ചേർത്ത് പൊലീസ് 2017 ജൂൺ 22ന് കുറ്റപത്രം സമർപ്പിച്ചു.

കുട്ടികൾ ആത്മഹത്യ ചെയ്‌തു എന്നാണ് റിപ്പൊർട്ടിൽ പൊലീസ് പറഞ്ഞത്. ഒന്നും നാലും പ്രതികൾ കൊല്ലപ്പെട്ട കുട്ടികളുടെ അമ്മയുടെ അടുത്ത ബന്ധുക്കൾ ആണ്.

0Shares