പാഠം ഒന്ന്: ഭരണകാര്യ നിർവ്വഹണം; പ്രസിഡണ്ട് വായനയിലാണ്; കൊവിഡ് ചികിത്സയ്ക്കിടയിലെ അനുഭവങ്ങൾ പങ്കുവെച്ച് കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

  • Post category:local news
  • Reading time:2 mins read
You are currently viewing പാഠം ഒന്ന്: ഭരണകാര്യ നിർവ്വഹണം; പ്രസിഡണ്ട് വായനയിലാണ്; കൊവിഡ്  ചികിത്സയ്ക്കിടയിലെ അനുഭവങ്ങൾ പങ്കുവെച്ച് കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

വിദ്യാനഗർ/ കാസർകോട്: ഒടുവിൽ എങ്ങനെയോ, എവിടെ നിന്നോ ആ ‘വൈറസ്’ ബാധിച്ച് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ചികിത്സയിലാണ് കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം. വിദ്യാനഗർ കൊവിഡ് കേന്ദ്രത്തിൽ ചികിത്സയ്ക്കിടെ വായനയ്ക്കും പഠനത്തിനുമായി സമയം ചെലവഴിക്കുകയാണ് മുരളി ഇപ്പോൾ.

കഥകളും നോവലുകളുമൊന്നുമല്ല ഇപ്പോഴത്തെ വായന. പഞ്ചായത്ത് ഭരണകാര്യ നിർവ്വഹണം നടപ്പിലാക്കുന്നതിന് സഹായകമായ പുസ്തകങ്ങളാണ് ആശുപത്രിയിൽ പോകുമ്പോൾ കരുതിയത്. ‘കില’ ട്രൈനിങ്ങിൽ നിന്ന് കിട്ടിയ പൊതുഭരണം, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ, ജനപ്രതിനിധികളുടെ ഉത്തരവാദിത്വവും കടമകളും, നേതൃത്വം, ശുചിത്വ പരിപാലനം തുടങ്ങിയ പുസ്തകങ്ങളാണ് ആശുപത്രി കിടക്കയിലെ കൂട്ടിനുള്ളത്.

ഔദ്യോഗിക തിരക്കുകളുടെ പാച്ചിലിനിടയിൽ എത്രതന്നെ ശ്രദ്ധിച്ചിട്ടും മാസ്ക് വെച്ചിട്ടും കൈകൾ കഴുകിയിട്ടും മാനദണ്ഡങ്ങളെല്ലാം പാലിച്ചിട്ടും എങ്ങനെയോ വൈറസ് പിടികൂടി. ബേഡഡുക്ക ഗവ: ആശുപത്രിയിൽ ഇക്കഴിഞ്ഞ 17 നാണ് മെഗാ കൊവിഡ് പരിശോധനയ്ക്ക് കാര്യമായ ലക്ഷണങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും മുരളി വിധേയനായത്. ചില ഉദ്യോഗസ്ഥന്മാരും ജനപ്രതിനിധികളും പൊതുജനങ്ങളും ഈ ക്യാമ്പിൽ എത്തിയിരുന്നു.

ആർ.ടി.പി.സി.ആർ ഫലം ലഭിക്കുന്നത് മൂന്ന് ദിവസം പിന്നിട്ടപ്പോഴാണ്. അതുവരെ ജാഗ്രതയോടെ ഹോം ക്വാറന്റെയിനിൽ കഴിഞ്ഞു. ഫലം വന്നപ്പോൾ പോസിറ്റീവ്. തുടർന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്‍റെ ഭാര്യയുടെയും കുട്ടിയുടെയും ഫലം നെഗറ്റീവായിരുന്നു. രോഗം കൂടുതലായതിനെ തുടർന്ന് 20 നാണ് കാസര്‍കോട് കൊറോണ കൺട്രോൾ സെൽ പ്രവർത്തകരുടെ സഹായത്തോടെ കൊവിഡ് കേന്ദ്രത്തിൽ എത്തിയത്.

‘ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികൾ ഓക്സിജനും മരുന്നും കിടക്കാനൊരിടം പോലും കിട്ടാതെ പിടഞ്ഞുമരിക്കുന്ന വാർത്തകൾ കാണുമ്പോൾ കേരളത്തിൽ സർക്കാരിന്‍റെ കൊവിഡ് ചികിത്സാരീതികൾ ലോകത്തിന് തന്നെ മാതൃകയാണ്. ചികിത്സയും ഭക്ഷണവും പൂർണമായും സൗജന്യം. രാവിലെയും, രാത്രിയിലും ഡോക്ടർമാരുടെ സ്ഥിര പരിശോധനകൾ. ദിവസവും പ്രാതൽ ഭക്ഷണവും സ്‌പെഷ്യലായി ഉച്ചയ്ക്ക് ചിക്കൻ ബിരിയാണി, രാത്രി ചപ്പാത്തിയും ചിക്കൻ കറിയും ഓരോ കിലോ പഴങ്ങളും. ദിവസേന പകൽ 2.30 നും 3.30 നും ഇടയിൽ രോഗികൾക്ക് പഴങ്ങൾ എത്തിക്കാൻ സമയക്രമീകരണം. ഇത് സർക്കാരിന്‍റെ ആരോഗ്യ പരിപാലനത്തിന്‍റെ മാതൃകാ പ്രവർത്തനങ്ങളാണ്. യാതൊരു ഭീതിയോ ആശങ്കയോ രോഗികൾക്ക് ഉണ്ടാകാനിടയില്ല.

അത്രയ്ക്കും കരുതലാണ് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നൽകുന്നത്. അതാണ് ചികിത്സയ്ക്കിടയിലും പഞ്ചായത്ത് രാജ് ആക്ട് പോലുള്ള പുസ്തകങ്ങൾ പഠിക്കാൻ സാധിക്കുന്നതെന്നും’ മുരളി ചാനൽ ആർ.ബിയോട് പറഞ്ഞു. ‘സുഖംപ്രാപിച്ച് ആശുപത്രിയിൽ നിന്നും തിരിച്ചെത്തുമ്പോൾ മുഖ്യമന്ത്രിയുടെ സൗജന്യ വാക്സിൻ ചാലഞ്ചിന് ശമ്പളത്തിന്‍റെ ഒരുഭാഗം നൽകുമെന്നും’ മുരളി പറഞ്ഞു. കൂലിപ്പണിയെടുത്തും കല്ലുകൾ ചുമന്നും ഉപജീവനം നടത്തിയ മുരളി വൻഭൂരിപക്ഷത്തോടെ വിജയിച്ചാണ് എൽ.ഡി.എഫ് ഭരിക്കുന്ന കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിന്‍റെ പ്രസിഡണ്ടായത്.

കേരളത്തിൽ കൊറോണ ഒന്നാമത്തെ കുന്നുകയറിറങ്ങി രണ്ടിലെത്തിയിരിക്കുന്നു. ഇത് കൊറോണയുടെ അന്ത്യമൊന്നുമല്ലെങ്കിലും അന്ത്യത്തിന്‍റെ തുടക്കം തന്നെയാണ്. സന്തോഷിക്കാനും ആശ്വസിക്കാനും അധികമില്ലാത്ത ഇക്കാലത്ത് അതിജീവനത്തിനുള്ള ഒരു നിമിഷമാണിത്.

0Shares