പുത്തിഗെയിലെ വെള്ളരി സോപ്പിന് പ്രിയമേറുന്നു; സോപ്പ് നിര്‍മ്മിക്കാന്‍ ഇനി കുടുംബശ്രീയും

  • Post category:local news
  • Reading time:1 min read
You are currently viewing പുത്തിഗെയിലെ വെള്ളരി സോപ്പിന് പ്രിയമേറുന്നു; സോപ്പ് നിര്‍മ്മിക്കാന്‍ ഇനി കുടുംബശ്രീയും

കാസർകോട്: പുത്തിഗെ പഞ്ചായത്തിലെ വെള്ളരികര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ കൃഷി ഓഫീസര്‍ ബി.എച്ച് നഫീസത്ത് ഹംഷീനയുടെ ആശയത്തില്‍ രൂപംകൊണ്ട വെള്ളരി സോപ്പിന് പ്രിയമേറുന്നു. മുഹിമ്മാത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനായ ഹനീഫ ഹിംസാക്കാണ് സോപ്പ് ആദ്യമായി നിര്‍മ്മിച്ചത്. പഞ്ചായത്തിലെ വെള്ളരി കര്‍ഷകരില്‍ നിന്ന് ശേഖരിച്ച് ശുദ്ധമായ വെളിച്ചെണ്ണയില്‍ നിര്‍മ്മിച്ച വെള്ളരി സോപ്പിന് കുക്കുമിസ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

അഞ്ച് ഹെക്ടറോളം വെള്ളരി കൃഷിയുള്ള പഞ്ചായത്താണ് പുത്തിഗെ. വെള്ളരിയില്‍ നിന്ന് മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ ഉണ്ടായതോടെ കര്‍ഷകര്‍ക്ക് നേരിയ ആശ്വാസം ലഭിച്ചു. പപ്പായ സോപ്പാണ് അടുത്ത ലക്ഷ്യം. പഞ്ചായത്ത് പരിധിയിലെ പപ്പായ കര്‍ഷകരില്‍നിന്നും പഴുത്ത പപ്പായ ശേഖരിച്ച് വെള്ളരി സോപ്പിന് സമാനമായി പപ്പായ സോപ്പ് എന്ന ആശയം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് പുത്തിഗെ പഞ്ചായത്ത്.

എൻ്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ സോപ്പിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കൃഷിഭവനിലും അധ്യാപകന് വ്യക്തിപരമായും നിരവധി ഓര്‍ഡറുകള്‍ ലഭിച്ചു വരുന്നുണ്ട്. ഒരു തവണ ഉപയോഗിച്ച ശേഷം വീണ്ടും വെള്ളരി സോപ്പ് അന്വേഷിക്കുകയാണ് ഉപഭോക്താക്കള്‍.

സോപ്പ് നിര്‍മ്മാണ രംഗത്തേക്ക് കൂടുതല്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഉടന്‍ വെള്ളരി സോപ്പ് നിര്‍മ്മാണത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി കര്‍ഷകര്‍ക്ക് മികച്ച വരുമാനമാര്‍ഗ്ഗം സൃഷ്ടിച്ചു നല്‍കാനുള്ള ശ്രമത്തിലാണ് പുത്തിഗെ പഞ്ചായത്തും കൃഷിഭവനുമെന്നും, ചര്‍മ്മ സംരക്ഷണത്തിനും താരന്‍ അകറ്റാനും മികച്ച ഉത്പ്പന്നമാണ് വെള്ളരി സോപ്പെന്നും കൃഷി ഓഫീസര്‍ ബി. എച്ച് നഫീസാത്ത് ഹംഷീന പറഞ്ഞു.

0Shares