ഹര്‍ ഘര്‍ തിരംഗ; കാസർകോട് ജില്ലയില്‍ കുടുംബശ്രീ നിര്‍മ്മിക്കുന്നത് 1,49,633 ദേശീയ പതാകകള്‍; പതാക നിര്‍മ്മാണത്തില്‍ കര്‍മ്മനിരതരായി 152 യൂണിറ്റുകള്‍

  • Post category:local news
  • Reading time:1 min read
You are currently viewing ഹര്‍ ഘര്‍ തിരംഗ; കാസർകോട്  ജില്ലയില്‍ കുടുംബശ്രീ നിര്‍മ്മിക്കുന്നത്  1,49,633 ദേശീയ പതാകകള്‍;  പതാക നിര്‍മ്മാണത്തില്‍ കര്‍മ്മനിരതരായി 152 യൂണിറ്റുകള്‍

കാസർകോട്: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ജില്ലയില്‍ കുടുംബശ്രീ നിര്‍മ്മിക്കുന്നത് 1,49,633 ദേശീയ പതാകകള്‍. ആഗസ്ത് 13 മുതല്‍ 15 വരെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഈ പതാകകള്‍ പാറിപ്പറക്കും. 152 യൂണിറ്റുകള്‍ പതാകകള്‍ തയ്യാറാക്കും. ഫ്‌ളാഗ് കോഡ് മാനദണ്ഡപ്രകാരം 3:2 എന്ന അനുപാതത്തിലാണ് ദേശീയ പതാകകള്‍ ജില്ലയിലൊരുക്കുന്നത്.

മുപ്പത് രൂപയാണ് പതാകകള്‍ക്ക് വില നിശ്ചയിച്ചിരിക്കുന്നത്. സ്‌കൂള്‍ അധികൃതരും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത വീടുകളിലേക്ക് ആവശ്യമായ പതാകകളുടെ എണ്ണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അറിയിക്കുന്നതനുസരിച്ചാണ് പതാകകള്‍ നിര്‍മ്മിക്കുന്നത്. കൂടുതല്‍ ആവശ്യക്കാരുണ്ടാകുന്നതിനനുസരിച്ച് കൂടുതല്‍ പതാകകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ പറഞ്ഞു.

പള്ളിക്കര പഞ്ചായത്തിലെ ബ്ലോസം യൂണിറ്റിന് 6000 പതാകകള്‍ നിര്‍മ്മിക്കാമുള്ള ഓര്‍ഡറുകളാണ് ലഭിച്ചിരിക്കുന്നത്. ഒരാള്‍ അളവ് കൃത്യമാക്കി മുറിച്ചെടുക്കാനും അഞ്ച് പേര്‍ പതാക തുന്നിയെടുക്കാനുമുള്ള ശ്രമത്തിലാണിവിടെ. ഒരു ദിവസം 600 പതാകകള്‍ ഇവിടെ ഒരുങ്ങുമെന്നും പതാക തുന്നിയൊരുക്കാന്‍ ലഭിച്ച അവസരം തങ്ങള്‍ക്ക് വലിയ ആവേശമാണ് സമ്മാനിച്ചതെന്നും പള്ളിക്കര ബ്ലോസം യൂണിറ്റ് സെക്രട്ടറി എസ്.വി സെമീറ പറഞ്ഞു.

ദേശീയ പതാകയ്ക്ക് ആദരവു നല്‍കുന്നതിനോടൊപ്പം പൗരന്‍മാര്‍ക്കു ദേശീയ പതാകയോടു വൈകാരിക ബന്ധം വളര്‍ത്തുന്നതിനും ദേശീയോദ്ഗ്രഥനത്തിനു പ്രചോദനം നല്‍കുന്നതിനും ലക്ഷ്യമിട്ടാണു ‘ഹര്‍ ഘര്‍ തിരംഗ’ രാജ്യവ്യാപകമായി ആചരിക്കുന്നത്.

0Shares