കുടുംബശ്രീ വായ്‌പ തട്ടിപ്പ്; രണ്ട് സ്ത്രീകള്‍ പിടിയില്‍, മൈക്രോ ഫിനാൻസ് വായ്‌പക്കായി ശേഖരിച്ച രേഖകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കുടുംബശ്രീ വായ്‌പ തട്ടിപ്പ്; രണ്ട് സ്ത്രീകള്‍ പിടിയില്‍, മൈക്രോ ഫിനാൻസ് വായ്‌പക്കായി ശേഖരിച്ച രേഖകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്

പള്ളുരുത്തി / മട്ടാഞ്ചേരി: കുടുംബശ്രീ ഗ്രൂപ്പുകളുടെ പേരില്‍ വ്യാജ രേഖകള്‍ നിര്‍മിച്ച്‌ കോടികളുടെ തട്ടിപ്പ് നടന്നെന്ന പരാതിയില്‍ പള്ളുരുത്തി സ്വദേശിനികളായ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്‌തു.കാല്‍ നൂറ്റാണ്ടിലേക്ക് കടന്ന കുടുംബശ്രീയുടെ വിശ്വസ്തതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് സ്ത്രീകളടങ്ങുന്ന സംഘം തട്ടിപ്പുകള്‍ നടത്തിയത്. പള്ളുരുത്തി എസ്.ഡി.പി.വൈ റോഡില്‍ കളത്തില്‍ പറമ്പില്‍ ദീപ (41), നമ്പ്യാപുരം തായ്ക്കാട്ട് പറമ്പില്‍ നിഷ (41) എന്നിവരാണ് പിടിയിലായത്.

ഇരുവരും തട്ടിപ്പിലെ പ്രധാന ഏജണ്ടുമാരാണെന്നാണ് പൊലീസ് അറിയിച്ചത്. ഏഴോളം വായ്‌പകളില്‍ നിന്നായി ലക്ഷങ്ങളാണ് ഇവര്‍ തട്ടിയെടുത്തത്‌. തട്ടിപ്പ് സംബന്ധിച്ച തെളിവുകള്‍ ശേഖരിച്ചാണ് ഇരുവരെയും വീടുകളില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്‌തത്. നിഷ ദൃശ്യയെന്ന കുടുംബശ്രീ ഗ്രൂപ്പിലെ അംഗമാണ്.

മൈക്രോ ഫിനാൻസുകാര്‍ക്ക് വായ്‌പക്കായി സ്ത്രീകളെ കണ്ടെത്തി നല്‍കുന്നയാളാണ് ദീപ. ഇത്തരത്തില്‍ മൈക്രോ ഫിനാൻസ് വായ്‌പക്കായി ശേഖരിച്ച രേഖകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

നിരവധി വീട്ടമ്മമാരാണ് ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുള്ളതെന്നാണ് അറിയുന്നത്. വായ്‌പ തട്ടിപ്പില്‍ ബാങ്ക് അധികൃതര്‍ക്കും പങ്കുണ്ടോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യവും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. കൊച്ചി നഗരസഭ 13, 20 ഡിവിഷനുകളിലെ കൗണ്‍സിലര്‍മാരായ വി.എ ശ്രീജിത്ത്, പി.എസ് വിജു എന്നിവര്‍ കൊച്ചി സിറ്റി കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ മട്ടാഞ്ചേരി അസി. കമീഷണര്‍ കെ.ആര്‍ മനോജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

പശ്ചിമകൊച്ചി മേഖലയിലെ ചില ഡിവിഷനുകളിലാണ് കൗണ്‍സിലര്‍മാര്‍, സി.ഡി.എസ്, എ.ഡി.എസ് ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ വ്യാജ ഒപ്പും സീലും രേഖകളും തയാറാക്കി തട്ടിപ്പ് നടത്തിയത്. പല ഡിവിഷനുകളിലും ലിങ്കേജ് വായ്‌പകള്‍ക്കായി എ.ഡി.എസ് ഭാരവാഹികള്‍ കമീഷൻ വാങ്ങുന്നതായും പരാതിയുണ്ട്.

0Shares