
കൊച്ചി: കാഴ്‌ച പരിമിതിയുള്ള അധ്യാപകനെ ക്ലാസ് എടുത്തുകൊണ്ടിരിക്കെ അപമാനിക്കുകയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്‌ത കെ.എസ്.യു നേതാവിന് സസ്പെൻഷൻ. മഹാരാജാസ് കോളേജിലെ കെ.എസ്.യു യൂണിറ്റ് വൈസ്. പ്രസിഡണ്ട് സി.എ മുഹമ്മദ് ഫാസിലിനെയാണ് സസ്പെൻഡ് ചെയ്‌തത്. പൊളിറ്റിക്കല്‍ സയൻസ് മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. ഇയാള്‍ക്കൊപ്പം അഞ്ച് വിദ്യാര്‍ഥികളെ കൂടി സസ്പെൻഡ് ചെയ്‌തിട്ടുണ്ട്.
പൊളിറ്റിക്കല്‍ സയൻസ് വിഭാഗം അസിസ്റ്റണ്ട് പ്രൊഫസര്‍ ഡോ. സി.യു പ്രിയേഷ് ക്ലാസെടുക്കുന്നതിനിടെ ആണ് സംഭവം. കാഴ്‌ച പരിമിതിയുള്ള ആളാണ് ഇദ്ദേഹം. ക്ലാസെടുക്കുന്നതിനിടെ മുഹമ്മദ് ഫാസില്‍ അനുവാദമില്ലാതെ പ്രവേശിച്ച് അധ്യാപകന് പിറകിലായി നിന്നു.

അദ്ദേഹത്തെ കളിയാക്കുന്ന പെരുമാറ്റവുമുണ്ടായി. ചില വിദ്യാര്‍ഥികള്‍ ക്ലാസ് ശ്രദ്ധിക്കാതെ അലക്ഷ്യമായി ഇരുന്ന് മൊബൈല്‍ ഉപയോഗിച്ചു. ഇതെല്ലാം മറ്റൊരു വിദ്യാര്‍ഥി ചിത്രീകരിച്ചു. പിന്നീട് ദൃശ്യം ഇൻസ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.
വിഷയം അറിഞ്ഞ ഉടൻ പ്രിയേഷ് പ്രിൻസിപ്പലിന് പരാതി നല്‍കി. ഡിപ്പാര്‍ട്ട്മെണ്ട് കൗണ്‍സിലിലും പരാതി സമര്‍പ്പിച്ചു. തുടര്‍ന്നാണ് മുഹമ്മദ് ഫാസിലിനെ സസ്പെൻഡ് ചെയ്‌തത്. വി.രാഗേഷ്, എൻ.ആര്‍ പ്രിയത, എം.ആദിത്യ, നന്ദന സാഗര്‍, ഫാത്തിമ നഫ്ലം എന്നിവരെയും സസ്പെൻഡ് ചെയ്‌തു. രാഗേഷാണ് ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്‌തത്.
ഏറ്റവും നല്ല ഭിന്നശേഷി ഉദ്യോഗസ്ഥനുള്ള സംസ്ഥാന സാമൂഹ്യ നീതിവകുപ്പിൻ്റെ പുരസ്കാരം 2016ല്‍ പ്രിയേഷ് നേടിയിരുന്നു. 13 വര്‍ഷമായി പൊളിറ്റിക്കല്‍ സയൻസ് വിഭാഗം അധ്യാപകനാണ്. അടുത്തിടെ മഹാരാജാസ് കോളേജ് ഓഫീസില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കൈവശപ്പെടുത്തിയതിന് മുഹമ്മദ് ഫാസിലിനെ സസ്പെൻഡ് ചെയ്‌തിരുന്നു.
