
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ യാത്രക്ക് എത്തിയ മന്ത്രിക്ക് നേരെ കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം. പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്കേറ്റു. കഴുത്തിനും കൈക്കും പരിക്കേറ്റ മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റിയ മന്ത്രിയെ ഡോക്ടർമാർ പരിശോധിച്ചുവരികയാണ്. സിപിഎം നേതാക്കളും ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്. കണ്ണൂരിലെ വിവിധ പരിപാടികളിൽ പങ്കടുത്ത ശേഷം വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തിൽ വലിയ രീതിയിൽ അസ്വാസ്ഥയായ മന്ത്രി കുറച്ചുസമയം വിശ്രമിച്ചു. കഴുത്ത് വേദന അനുഭവപ്പെട്ടതിനാൽ കഴുത്തിന് കൈവെച്ച നിലയിലായിരുന്നു മന്ത്രി. ഇതോടെ യാത്ര റദ്ദാക്കി മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. സംഭവത്തിൽ പോലീസിന് വീഴ്ച സംഭവിച്ചു എന്നാണ് പ്രാഥമിക വിവരം. പ്രതിഷേധക്കാരെ മാറ്റാത്തതിൽ മന്ത്രി പോലീസിനെ ശാസിക്കുന്നുണ്ടായിരുന്നു.
കണ്ണൂരിൽ പലയിടത്തും മന്ത്രിക്കെതിരെ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്. പോലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്ത സംഭവം വലിയ ഗൗരവമുള്ളതാണ്. മന്ത്രിക്കൊപ്പം സ്പീക്കര്‍ എൻ.എം ഷംസീറും റെയിവേ സ്റ്റേഷനിൽ ഉണ്ടായിരുന്നു. സ്പീക്കർ യാത്ര തുടർന്നു. സംഭവം അങ്ങേയറ്റം ഗൗരവമുള്ളതാണെന്ന് സ്പീക്കർ പറഞ്ഞു. പ്രതിഷേധക്കാർക്കെതിരെ എന്ത് നടപടി പോലീസ് സ്വീകരിക്കും എന്നത് കണ്ടറിയണം. കോൺഗ്രസ് കെ.എസ്.യു പ്രവർത്തകരെ കയറൂരി വിട്ടിരിക്കുകയാണെന്ന് സിപിഎം നേതാവ് എം.വി ജയരാജൻ പ്രതികരിച്ചു. വനിതാ മന്ത്രിയെ ആക്രമിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കും. ഇടത് നേതാക്കൾ പ്രതിഷേധം അറിയിക്കുകയാണ്.
