കരിങ്കൊടിയുമായി നവകേരള ബസിന് നേരെ ചാടി; കെ.എസ്.യു പ്രവർത്തകരെ മർദിച്ചത് മുഖ്യമന്ത്രിയുടെ ​ഗൺമാനും സുര​ക്ഷാ ഉദ്യോ​ഗസ്ഥനും, പൊലീസിനെ തള്ളിമാറ്റി വളഞ്ഞിട്ട് തല്ലി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കരിങ്കൊടിയുമായി നവകേരള ബസിന് നേരെ ചാടി; കെ.എസ്.യു പ്രവർത്തകരെ മർദിച്ചത് മുഖ്യമന്ത്രിയുടെ ​ഗൺമാനും സുര​ക്ഷാ ഉദ്യോ​ഗസ്ഥനും, പൊലീസിനെ തള്ളിമാറ്റി വളഞ്ഞിട്ട് തല്ലി

ആലപ്പുഴ: കെ.എസ്‌.യു പ്രവർത്തകരെ മർദിച്ചത് മുഖ്യമന്ത്രിയുടെ ​ഗൺ‍മാൻ. കാറിൽ നിന്നിറങ്ങി ​ഗൺമാനും സുരക്ഷ ഉദ്യോ​ഗസ്ഥനും പ്രവർത്തകരെ അടിച്ചു. പൊലീസുകാരെ തള്ളിമാറ്റിയ ശേഷം പ്രവർത്തകരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. അരൂർ എസ്.ഐ തടയാൻ ശ്രമിച്ചെങ്കിലും പിടിച്ചു മാറ്റുകയായിരുന്നു.

ദൃശ്യങ്ങളിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ നിലത്ത് വീഴുന്നതും കണാം. ​ഗൺമാന് നേരെ നേരത്തെയും വിമർശനം ഉയർന്നിരുന്നു. വെള്ളിയാഴ്‌ച നവകേരള ബസിന് നേരെ ചാടി മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിനായിരുന്നു സുരക്ഷാ ഉദ്യോ​ഗസ്ഥർ വളഞ്ഞിട്ട് തല്ലിയത്.

ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. കെ‌.എസ്‌.യു ജില്ലാ പ്രസിഡണ്ട് തോമസ്, യൂത്ത് കോൺ സംസ്ഥാന സെക്രട്ടറി അജോയ് ജോയ് എന്നിവർക്കാണ് മർദ്ദനമേറ്റത്. വൈകീട്ട് മൂന്നരയോടെയാണ് കരിങ്കൊടികാട്ടലും മർദനവും നടന്നത്. പുന്നപ്രയിലേക്ക് മുഖ്യമന്ത്രിയും സംഘവും ബസിൽ പോകുമ്പോഴായിരുന്നു കരിങ്കൊടി പ്രതിഷേധം ഉണ്ടായത്.

കെ.എസ്‌.യു പ്രവർത്തകരെ മർദിച്ചതിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. പ്രവർത്തകരെ ക്രൂരമായി മർദിച്ച സുരക്ഷാ ഉദ്യോ​ഗസ്ഥൻ്റെ ചിത്രം സഹിതം പങ്കുവെച്ചു കൊണ്ടായിരുന്നു വി.ടി ബൽറാം വിമർശനം ഉയർത്തിയത്. ‘ഇത്രയും ക്രിമിനൽ മനസ്സുള്ളവർ പോലീസ് സേനയുടെ ഭാഗമായി ഖജനാവിൽ നിന്ന് ശമ്പളം പറ്റുന്നു എന്നതാണ് വിജയൻ ഭരണം ഇവിടെ സൃഷ്ടിച്ച നവ കേരളത്തിൻ്റെ മുഖമുദ്ര’യെന്നായിരുന്നു വി.ടി ബൽറാമിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

0Shares