
രണ്ടാം കോവിഡ് വ്യാപനത്തെത്തുടർന്ന് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ തുടരുന്നതിനിടയിലും പൊതുഗതാഗതം അവശ്യസർവീസായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്.ആര്‍.ടി.സി ദീർഘദൂര സർവീസുകളും രാത്രികാല സർവീസുകളും തുടരുമെന്ന് സി.എം.ഡി അറിയിച്ചു.

വരുമാന നഷ്ടത്തെ തുടർന്ന് ദീർഘദൂര, രാത്രികാല സർവീസുകൾ നിർത്തുന്നെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. നിലവിലെ ഉത്തരവ് അനുസരിച്ച് 50% സർവീസുകൾ എപ്പോഴും നിലനിർത്തും. ആവശ്യമെങ്കിൽ കോവിഡ് മാറുന്ന നിലയ്ക്ക് 70% ആയി കൂട്ടാനും നിർദേശം നൽകിയിട്ടുണ്ട്. മേയ് 15 മുതൽ കർഫ്യൂ/ലോക്ഡൗൺ ഒഴിവാക്കുന്ന മുറയ്ക്ക് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനുമുള്ള നിർദ്ദേശം നൽകിയിയതായും സി.എം.ഡി അറിയിച്ചു.
ആരോഗ്യപ്രവർത്തകർക്കും രോഗികൾക്കും ആശുപത്രിയിൽ പോകുന്നതിനു കഴിഞ്ഞ രണ്ടു ഞായറാഴ്ചയും കെ.എസ്.ആര്‍.ടി.സി സർവീസുകൾ നടത്തിയിരുന്നു. വരുമാനത്തേക്കാൽ കൂടുതൽ ഡീസൽ ചെലവ് മൂലം നഷ്ടം ഉണ്ടായിരുന്നിട്ടും സർവീസുകൾ ഒഴിവാക്കിയിരുന്നില്ല. 50 ശതമാനമായി സർവീസുകൾ കുറച്ചുവെന്നതല്ലാതെ ദീർഘദൂര സർവീസുകൾ കുറച്ചിരുന്നില്ല. മേയ് 15 മുതൽ പകൽ കൂടുതൽ സർവീസ് നടത്തും. ബസുകളിലും സ്റ്റോപ്പുകളിലും കൂടുതൽ തിരക്ക് ഉണ്ടാകാതെയും യാത്രക്കാർ കൂട്ടം കൂടുന്നത് ഒഴിവാക്കിയുമായിരിക്കും സർവീസുകൾ നടത്തുക.
തിരക്കുള്ള രാവിലെ 7 മുതൽ 11 മണിവരേയും വൈകിട്ട് 3 മുതൽ രാത്രി 7 മണിവരെയും കൂടുതൽ സർവീസ് നടത്താൻ വേണ്ടിയാണ് ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ചെയ്തു 12 മണിക്കൂർ എന്നുള്ള ഷിഫ്റ്റ് താൽക്കാലികമായി നടപ്പിലാക്കിയത്. ഇതു ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ജീവനക്കാർക്ക് 4 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം കൂടുതൽ വിശ്രമം നൽകുന്നതിന് വേണ്ടിയാണെന്നും സി.എം.ഡി അറിയിച്ചു.
