
കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, സൂപ്പർ ഡീലക്സ് എന്നീ സർവ്വീസുകളിൽ യാത്രാക്കാരുടെ കുറവ് അനുഭവപ്പെടുന്ന ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ടിക്കറ്റിൽ 25 % വരെ ഇളവ് പ്രഖ്യാപിച്ചു. നാളെ മുതൽ ഇത് പ്രാബല്യത്തിൽ വരും. കൊവിഡ് പ്രതിസന്ധി കാരണം ദീർഘദൂര സർവ്വീസുകളിൽ നിലവിൽ യാത്രാക്കാരുടെ എണ്ണത്തിൽ കുറവ് വന്നതിനെ തുടർന്നാണ് നടപടി.
ഈ സാഹചര്യത്തിൽ കൂടുതൽ യാത്രാക്കാരെ കെ.എസ്.ആർ.ടി.സി യിൽ ആകർഷിക്കുന്നതിനും, യാത്രാക്കാരുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തുന്നതിനും വേണ്ടി ഡയറക്ടർ ബോർഡ് യാത്രാനിരക്കിൽ ഇളവ് നൽകാൻ അനുവാദം നൽകിയിരുന്നു. ഈ നിരക്ക് കുറയ്ക്കുന്നതോടെ കൊവിഡ് കാലത്ത് ഉണ്ടായ വർദ്ധനവ് ഇല്ലാതായിരിക്കുകയുമാണ്.

സംസ്ഥാനത്തിനുള്ളിൽ സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി യുടെ എല്ലാ സൂപ്പർക്ലാസ് സർവ്വീസുകൾക്കും ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ നിലവിലെ നിരക്കിൽ 25% ഇളവ് അനുവദിച്ച് പരീക്ഷണാടിസ്ഥാനത്തിൽ സർവ്വീസ് നടത്താൻ സി.എം.ഡി ഉത്തരവിട്ടു. ഇത് യാത്രാക്കാരെ കെ.എസ്.ആർ.ടി.സി യിൽ കൂടുതൽ ആകർഷിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ .
