
ഞായറാഴ്ച രാത്രി ഒന്‍പതുമണിക്ക് ഒന്‍പതു മിനിറ്റ് നേരം വിളക്കണക്കാനുളള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്ന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് കെ.എസ്.ഇ.ബി . 9 മണിക്ക് മുന്‍പ് തന്നെ ജലവൈദ്യുത പദ്ധതികളുടെ ഉത്പാദനം താല്ക്കാലികമായി നിര്‍ത്തിവെക്കാനാണ് കെ.എസ്.ഇ.ബി തീരുമാനം. എല്ലാ ലൈറ്റുകളും ഒന്നിച്ച് അണയ്ക്കരുതെന്നും കെഎസ്ഇബി നിര്‍ദ്ദേശം നല്‍കുന്നുണ്ട്.

ഒരു സമയം എല്ലാവരും ലൈറ്റ് അണയ്ക്കുമ്പോള്‍ പവര്‍ഗ്രിഡിന്‍റെ സന്തുലനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യം മുഴുവന്‍ ഒരു ഗ്രിഡിലാണ് വൈദ്യുതി വിതരണം. ലൈറ്റുകള്‍ ഒന്നിച്ച് ഓഫ് ചെയ്താല്‍ 400 മെഗാവാട്ട് വരെ കേരളത്തില്‍ പെട്ടെന്ന് കുറയും. ഇതിനെതിരെയാണ് മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നത്. എല്ലാ ലൈറ്റുകളും ഒന്നിച്ച് ഓഫ് ചെയ്യരുതെന്ന നിര്‍ദ്ദേശത്തൊടൊപ്പം തന്നെ 9 മിനിട്ടിന് ശേഷം ലൈറ്റുകള്‍ ഒന്നിച്ച് ഓണ്‍ ചെയ്യരുതെന്നും വൈദ്യുതി ബോര്‍ഡ് നിര്‍ദ്ദേശിക്കുന്നുണ്ട്.
