
കാസര്‍കോട്: ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍, ശാരീരിക അകലം എന്നിവ സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങളെല്ലാം കര്‍ശനമായി പാലിക്കേണ്ടതാണ്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ 14 ദിവസത്തേക്ക് അടച്ചിടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ജില്ലയിലെ വ്യാപാരി വ്യവസായി പ്രതിനിധികളുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് തിരുമാനം.

65 നു മേല്‍ പ്രായമുള്ളവരും 10 വയസ്സിന് താഴെയുള്ള കുട്ടികളും ഒരു കാരണവശാലും പൊതുഇടങ്ങളില്‍ വരാന്‍ പാടില്ല. കടകളില്‍ ഒരു സമയത്ത് പ്രവേശിക്കാവുന്ന പരമാവധി ആള്‍ക്കാരുടെ എണ്ണം കടയുടെ പുറത്ത് എഴുതി പ്രദര്‍ശിപ്പിക്കണം. അതില്‍ കൂടുതല്‍ ആള്‍ക്കാര്‍ വന്നാല്‍ ടോക്കണ്‍ നല്‍കേണ്ടതും, ശാരീരിക അകലം പാലിച്ചു കൊണ്ട് ക്യൂ ആയി നില്‍ക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കടകളില്‍ ഒരു കാരണവശാലും എ.സി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. തുണിക്കടകളിലെ ട്രയല്‍ മുറികള്‍ അടച്ചിടണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. ജില്ലയിലെ വ്യവസായ സ്ഥാപനങ്ങളുടെ ആവശ്യത്തിന് കര്‍ണാടകയില്‍ നിന്ന് വരുന്ന ടെക്‌നീഷ്യന്‍മാര്‍ക്ക് കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലിലൂടെ റെഗുലര്‍ വിസിറ്റ് പാസിന് അപേക്ഷിക്കുമ്പോള്‍ ആന്റിജന്‍ ടെസ്റ്റ് റിസള്‍ട്ട് അപ്‌ലോഡ് ചെയ്താല്‍ പാസ് അനുവദിക്കും.
വഴിയോരങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന ലൈസന്‍സില്ലാത്ത കച്ചവടക്കാര്‍ക്കെതിരെ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. ‘നമ്മുടെ ഓണത്തിന് നാട്ടിലെ പൂക്കള്‍’ എന്ന പേരില്‍ ക്യാംപയിനിന് ജില്ലയില്‍ തുടക്കമായി. ഇതിന്‍റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂക്കള്‍ കൊണ്ടു വരാതെ പ്രാദേശികമായി ലഭിക്കുന്ന പൂക്കളും സംസ്ഥാനത്തിനകത്ത് നിന്ന് ലഭിക്കുന്ന പൂക്കളും മാത്രം വില്‍പന നടത്തുന്നതിന് കച്ചവടക്കാര്‍ നടപടി സ്വീകരിക്കണം.
