
കാസര്‍കോട്: വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ പുറത്തിറങ്ങിയാല്‍ അവര്‍ക്കെതിരെ കര്‍ശന നിയമനടപടിയെടുക്കുമെന്ന് ഐ. ജി വിജയ് സാഖറെ പറഞ്ഞു. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ അവരെ സര്‍ക്കാരിന്‍റെ പ്രത്യേക നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്റും. നിലവില്‍ കുറച്ച് ആളുകളെ സര്‍ക്കാരിന്‍റെ നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനത്തിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ ജില്ലയില്‍ കുറഞ്ഞിട്ടുണ്ട്. ആളുകള്‍ നിലവിലെ സ്ഥിതിഗതികളുമായി താരതമ്യപ്പെട്ടുകഴിഞ്ഞു. അതുകൊണ്ട് തന്നെ ആളുകള്‍ പുറത്തിറങ്ങുന്നതും കുറഞ്ഞു. അതിനാല്‍ കൂടുതല്‍ സേനയെ ഇവിടേക്ക് ആവശ്യമില്ല.

ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ മുഴുവന്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി അവരെ കര്‍ശന നിരീക്ഷണത്തിലാക്കും. രോഗം സ്ഥിരീകരിച്ചവരില്‍ നിന്ന് സമ്പര്‍ക്കം മൂലം രോഗം പകരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കു്‌നനതിന്‍രെ ഭാഗമായാണിത്. കോവിഡ് 19 യുടെ വ്യാപനം തടയാന്‍ പോലീസും ആരോഗ്യവകുപ്പും അവരുടെ ആരോഗ്യം പോലും മറന്ന് പരമാവധി ശ്രമിക്കുന്നുണ്ട്.
ഇതൊരു സാമൂഹ്യ പ്രതിബന്ധതയായി കണ്ട് പൊതുജനങ്ങളും ഇതിനോട് സഹകരിക്കണം. ഇന്ന്കോവിഡ് 19 സ്ഥിരീകരിച്ച 34 പേരില്‍ ഏറെയും വിദേശത്തു നിന്നുള്ളവരാണ്. അതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടവര്‍ ഒരു മുറിക്കുള്ളില്‍ ഒറ്റയ്ക്ക് കഴിയണം. യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും ഐ. ജി പറഞ്ഞു. കോഴിക്കോട് സോണല്‍ ഐ.ജി അശോക് യാദവ്, ജില്ലാ പോലീസ് മേധാവി പി.എസ്.സാബു, കമ്മ്യൂണിക്കേഷന്‍ എസ്.പി.ഡി.ശില്‍പ എന്നിവരും ഐ.ജിക്കൊപ്പം ഉണ്ടായിരുന്നു.
