നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഞാന്‍ ക്ഷമചോദിക്കുന്നു, നിയന്ത്രണങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കൂടി പാലിക്കാന്‍ ഇന്ത്യന്‍ ജനത തയ്യാറാകണം: പ്രധാനമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഞാന്‍ ക്ഷമചോദിക്കുന്നു, നിയന്ത്രണങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കൂടി പാലിക്കാന്‍ ഇന്ത്യന്‍ ജനത തയ്യാറാകണം: പ്രധാനമന്ത്രി

ആഗോളവ്യാപകമായി കൊറോണ വൈറസ് പടരുമ്പോള്‍ സമ്പൂര്‍ണ ലോക്ക് ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണയ്‌ക്കെതിരെ നടത്തുന്നത് ജീവന്മരണ പോരാട്ടമാണ്, അതിനാല്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതമായി. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും രാജ്യം ഒറ്റക്കെട്ടായി നിന്ന് മഹാമാരിക്കെതിരെ പോരാടണമെന്നും പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ പറഞ്ഞു.

ഈ മഹാമാരിക്കെതിരെ ലോക്ക് ഡൗണ്‍ അല്ലാതെ മറ്റൊരു മാര്‍ഗവും സ്വീകരിക്കാനില്ലെന്നും നിയന്ത്രണങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കൂടി പാലിക്കാന്‍ ഇന്ത്യന്‍ ജനത തയ്യാറാകണമെന്നും മനുഷ്യവര്‍ഗം ഒന്നിച്ചുനിന്ന് നടത്തേണ്ട പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. 21 ദിവസത്തെ ലോക്ക് ഡൗണ്‍ മൂലമുള്ള ബുദ്ധിമുട്ടില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക്‌ എന്നോട് ദേഷ്യമുണ്ടാകമെന്ന് എനിക്കറിയാം. എന്നാല്‍ ഇത്തരമൊരു തീരുമാനമെടുക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല. നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഞാന്‍ ക്ഷമചോദിക്കുന്നു. ചിലരൊക്കെ നിയന്ത്രണങ്ങള്‍ പാലിക്കാത്തത് ഗൗരവതരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ രോഗം നമ്മെ ഇല്ലാതാക്കുന്നതിനു മുമ്പ് നാം അതിനെ പ്രതിരോധിച്ച് തോല്‍പ്പിക്കണം. മനുഷ്യകുലം മുഴുവന്‍ ഒരുമിച്ചുനിന്ന് ഈ പ്രതിസന്ധിയെ നേരിടണം, മോദി പറഞ്ഞു. നിങ്ങളെയും കുടുംബത്തെയും വൈറസില്‍ നിന്ന് രക്ഷിക്കാനാണ് ലോക്ക് ഡൗണ്‍ കൊണ്ടുവന്നിട്ടുള്ളത്. ധൈര്യവാന്മാരായിരിക്കുകയും ലക്ഷ്മണരേഖ വരയ്ക്കുകയും വേണം. നേഴ്‌സുമാരും ഡോക്ടര്‍മാരും പാരമെഡിക്കല്‍ ജീവനക്കാരും അടക്കമുള്ള ഈ മുന്നണിപ്പോരാളികള്‍ സ്വന്തം വീട്ടില്‍നിന്നു പുറത്തിറങ്ങിയാണ് വൈറസിനെതിരായ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

0Shares