
കാസര്‍കോട്: ജില്ലയില്‍ ആരും വിശന്നിരിക്കുന്ന അവസ്ഥ ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ഭക്ഷണം ലഭിക്കാത്തവര്‍ക്കും ഭക്ഷണം ആവശ്യമുള്ളവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് കമ്മ്യൂണിറ്റി കിച്ചന്‍ വഴി സ്വീകരിച്ചിട്ടുള്ളത്.ഭക്ഷണം ആവശ്യമുള്ളവര്‍ 04994 255004 എന്ന നമ്പരില്‍ വിളിക്കണം.

ഇവരുടെ പേരു വിവരങ്ങള്‍ അതത് പഞ്ചായത്ത് പ്രസിഡണ്ട്,സെക്രട്ടറി വാര്‍ഡ്തലജാഗ്രതാ സമിതി അധ്യക്ഷനായ വാര്‍ഡ് മെമ്പര്‍ എന്നിവര്‍ക്ക് കൈമാറും.വാര്‍ഡ്‌മെമ്പര്‍ അപേക്ഷയുടെ ആധികാരികത ഉറപ്പുവരുത്തി,ആവശ്യമായ സാധനങ്ങള്‍ ജില്ലാ സപ്ലൈ ഓഫീസറില്‍ നിന്നും കൈപ്പറ്റണം. ഡി. എം. ഒയുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍ ഈ സാധനങ്ങള്‍ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത്,ബട്ടര്‍ പേപ്പര്‍,ന്യൂസ് പേപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞ് തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവര്‍ത്തകര്‍ മുഖേന വീടുകളില്‍ എത്തിക്കും.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കമ്മ്യൂണിറ്റി കിച്ചനുകള്‍ ജില്ലയില്‍ ആരംഭിച്ചത്. അതേപോലെ തന്നെ അതിഥി സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി കളക്ടര്‍ അറിയിച്ചു.ജില്ലയില്‍ നിലവില്‍ 1808 അതിഥി സംസ്ഥാന തൊഴിലാളികളാണ് ഉള്ളത്.ഇവരുടെ താമസസ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ ഉണ്ടെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്. എങ്കിലും ഈ കാര്യങ്ങള്‍ പഞ്ചായത്ത് തലത്തില്‍ കൂടി പരിശോധന നടത്തി ഉറപ്പുവരുത്തും.
