
അഭയകൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും ഹൈക്കോടതിയിൽ ഉടൻ അപ്പീൽ നൽകും. കൊലക്കുറ്റത്തിൽ പ്രതികൾക്ക് പങ്കില്ലെന്നും സി.ബി.ഐ പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കണമെന്നും അപ്പീൽ തീർപ്പാക്കുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ പ്രതികൾ ആവശ്യപ്പെടും.
സാക്ഷിമൊഴി മാത്രം അടിസ്ഥാനമാക്കിയുളള കൊലക്കുറ്റം നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രതികളുടെ വാദം. മാത്രമല്ല വർഷങ്ങൾക്ക് ശേഷം മൂന്നാം സാക്ഷി രാജു നടത്തിയ വെളിപ്പെടുത്തലിന്‍റെ ആധികാരികതയും ഹർജിയിൽ ഉന്നയിക്കും. ക്രിസ്മസ് അവധിയ്ക്ക് ശേഷം ജനുവരി നാലിന് ഹൈക്കോടതി തുറക്കുമ്പോൾ തന്നെ അപ്പീൽ നൽകും.

28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയകേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുളള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത്. ഫാദർ തോമസ് കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിസ്റ്റർ സെഫിയെ ജീവപര്യന്തം തടവിനുമാണ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ശിക്ഷിച്ചത്.
