
കോൺഗ്രസ് വിട്ട് ഇടതുപക്ഷവുമായി സഹകരിക്കാൻ തയ്യാറായാൽ കെ.വി തോമസിനെ സ്വീകരിക്കുമെന്ന് സി..പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ.വി തോമസുമായി മുൻപ് ചർച്ചകൾ നടന്നിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.കോൺഗ്രസിനകത്തുള്ള പലയാളുകളും ആ പാർട്ടിയിൽ നിന്ന് രാജിവെച്ച് ഇടതുപക്ഷവുമായി സഹകരിക്കുന്ന സ്ഥിതി കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സിയുടെ മൂന്ന് ജനറൽ സെക്രട്ടറിമാരാണ് ഇപ്പോൾ രാജിവെച്ച് ഇടതുപക്ഷവുമായി സഹകരിക്കുന്നത്. നേരത്തെ കോൺഗ്രസ് വിടുന്ന ആളുകൾ സി.പി.എമ്മുമായി നേരിട്ട് സഹകരിക്കാറില്ല, മറ്റേതെങ്കിലും ഘടകകക്ഷികളുമായി ചേർന്ന് സി.പി.എമ്മുമായി സഹകരിക്കുന്ന സ്ഥിതിയായിരുന്നു. ഇന്നത് മാറി. സി.പി.എമ്മുമായി നേരിട്ട് സഹകരിക്കുന്നതിൽ പ്രയാസമില്ലെന്ന സ്ഥിതിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ.വി തോമസുമായി മുൻപ് ചർച്ചകൾ നടന്നിട്ടില്ല. പാർട്ടി കോൺഗ്രസുമായി സഹകരിക്കുന്നത് സംബന്ധിച്ച് ഇപ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ശശി തരൂരിനെ സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും ഹൈക്കമാൻഡ് വിലക്കിയതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. സെമിനാറിൽ പങ്കെടുക്കുന്നവരെല്ലാം സി.പി.എമ്മിൻ്റെ അഭിപ്രായം തന്നെ പറയണമെന്നില്ല. അതിനുള്ള അവസരം ഉണ്ടാക്കാനാണ് സെമിനാറുകൾ നടത്തുന്നത്. ബഹുസ്വരതയ്ക്ക് പ്രാധാന്യം കൊടുക്കുന്നതിനാലാണ് വ്യത്യസ്ത പാർട്ടികളിൽ ഉൾപ്പെട്ടവരെ സെമിനാറിലേക്ക് ക്ഷണിക്കുന്നത്.
വ്യത്യസ്ത അഭിപ്രായം ഉള്ളവരാണെങ്കിൽ അത് അവർ സെമിനാറിൽ പങ്കെടുത്ത് പറയട്ടെ, സി.പി.എമ്മിൻ്റെ അഭിപ്രായം മാത്രം പറയാനാണെങ്കിൽ മറ്റ് നേതാക്കളെ വിളിക്കേണ്ട ആവശ്യമില്ലല്ലോ എന്നും കോടിയേരി കൂട്ടിച്ചേർത്തു.
