
പിണറായി വിജയൻ നവോത്ഥാന നായകനായിരുന്നുവെങ്കിൽ മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ചുനൽകണമായിരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പട്ടികജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കുന്നതിനായി മുഖ്യമന്ത്രി തന്‍റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയോഗിച്ചുവെന്നും കൊടിക്കുന്നിൽ ആരോപിച്ചു.

എസ്.സി.,എസ്.ടി ഫണ്ട് തട്ടിപ്പ് സി.ബി.ഐ. അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ ധർണയിലാണ് കൊടിക്കുന്നിലിന്‍റെ വിവാദ പരാമർശം. ‘തുടർച്ചയായി അദ്ദേഹം പട്ടികജാതി വിഭാഗങ്ങളെ അവഗണിക്കുകയാണ്. മന്ത്രിസഭാ രൂപീകരണത്തിൽ പോലും അത് കണ്ടു. അതിനുശേഷമുളള ഉദ്യോഗസ്ഥ നിയമനത്തിലും പിഎസ് സി നിയമനത്തിൽപോലും തുടർച്ചയായി പട്ടികജാതിക്കാരെ അവഗണിച്ചുകൊണ്ടിരിക്കുകയാണ്.
പട്ടികജാതിക്കാരനായ ഒരു മന്ത്രിക്ക് ദേവസ്വം വകുപ്പ് കൊടുത്തതിനെ കൊട്ടിഘോഷിക്കുകയും അതേസമയം മന്ത്രിയെ നിയന്ത്രിക്കുന്നതിനായി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയമിക്കുകയും ചെയ്തു’ അദ്ദേഹം പറഞ്ഞു. ദേവസ്വം മന്ത്രിയായ കെ.രാധാകൃഷ്ണന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി എ.സമ്പത്തിനെ നിയമിച്ചതിനെ ചൂണ്ടിക്കാണിച്ചായിരുന്നു കൊടിക്കുന്നിൽ സുരേഷിന്‍റെ പരാമർശം.
ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നവോത്ഥാനം തട്ടിപ്പാണെന്നും അദ്ദേഹം മകളെ പട്ടികജാതിക്കാരന് വിവാഹം ചെയ്തു നൽകണമായിരുന്നുവെന്നും സി.പി.എമ്മിൽ നിരവധി ചെറുപ്പക്കാരുണ്ടെന്നും കൊടിക്കുന്നിൽ പറഞ്ഞത്.
