
പുനർനിർമിച്ച പാലാരിവട്ടം മേൽപാലം ഗതാഗതത്തിനായി തുറന്ന് നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടന ചടങ്ങുകൾ ഉണ്ടായിരുന്നില്ല. പുനർനിർമ്മാണത്തിന് എട്ട് മാസം കാലാവധി നിശ്ചയിച്ചിരുന്ന പദ്ധതി അഞ്ചരമാസം കൊണ്ടാണ് പൂർത്തിയാക്കിയത്.
പാലം തുറന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തൊഴിലാളികളെ അഭിനന്ദിച്ചു. അസാധ്യമെന്ന് കരുതിയ പല പദ്ധതികളും യാഥാർത്ഥ്യമാക്കാൻ സാധിച്ചത് സർക്കാരിന്‍റെ ഇച്ഛാശക്തികൊണ്ടുമാത്രമല്ല ആ സ്വപ്നം തങ്ങളുടേത് കൂടിയാണെന്ന അർപ്പണബോധത്തോടെ അദ്ധ്വാനിച്ച അസംഖ്യം തൊഴിലാഴികളുടെ പ്രയത്‌നത്തിന്‍റെ ഫലമായി കൂടിയാണെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് 41 കോടി 70 ലക്ഷം രൂപ ചിലവിട്ട് നിർമിച്ച പാലാരിവട്ടം പാലത്തിൽ ഉദ്ഘാടനം നടത്തി ഒരു വർഷം പിന്നിട്ടപ്പോഴേക്കും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു. പിന്നീട് മദ്രാസ് ഐ.ഐ.ടിയും ഇ. ശ്രീധരന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയും അടക്കം നടത്തിയ പരിശോധനയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി.
2019 മെയ് 1ന് പാലത്തിലൂടെയുളള ഗതാഗതം നിരോധിച്ചു. സുപ്രീംകോടതിയുടെ അനുമതിയോടെ 2020 സെപ്തംബർ 28ന് പാലത്തിന്‍റെ പുനർനിർമാണം ആരംഭിച്ചു. ഡി.എം.ആർ.സിയെ നിർമാണ ചുമതല എൽപ്പിച്ച പാലത്തിന്‍റെ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു. 160 ദിവസം കൊണ്ടാണ് ഊരാളുങ്കൽ പാലം പണി പൂർത്തിയാക്കിയത്.
