കൊച്ചി സ്വദേശിയെ ഹണി ട്രാപ്പില്‍ കുടുക്കി 3.75 ലക്ഷം രൂപയും ഏഴര പവന്‍ സ്വര്‍ണ്ണവും തട്ടിയ കേസ്; കാഞ്ഞങ്ങാട് പിടിയിലായ നാലംഗ സംഘം റിമാന്‍ഡില്‍

  • Post category:local news / news
  • Reading time:1 min read
You are currently viewing കൊച്ചി സ്വദേശിയെ ഹണി ട്രാപ്പില്‍ കുടുക്കി 3.75 ലക്ഷം രൂപയും ഏഴര പവന്‍ സ്വര്‍ണ്ണവും തട്ടിയ കേസ്; കാഞ്ഞങ്ങാട് പിടിയിലായ നാലംഗ സംഘം റിമാന്‍ഡില്‍

കൊച്ചി സ്വദേശിയെ ഹണി ട്രാപ്പില്‍ കുടുക്കി സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അടക്കം നാല് പേര്‍ കാസര്‍കോട്ട് അറസ്റ്റിലായിരുന്നു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതി റിമാന്‍ഡ് ചെയ്തു.

കൊലക്കേസ് പ്രതികളും നേരത്തെ ഹണി ട്രാപ്പില്‍ അറസ്റ്റിലായവരുമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. കൊച്ചി കടവന്ത്രയിലെ വ്യാപാരി സി.എ സത്താറിന്‍റെ പണവും സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ ഉദുമ അരമങ്ങാനത്തെ എന്‍.എ ഉമ്മര്‍ (41), ഭാര്യ ഫാത്തിമ (35), നായന്മാര്‍മൂലയിലെ സാജിദ (30), കണ്ണൂര്‍ ചെറുതാഴത്തെ ഇക്ബാല്‍ (42) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.

പ്രതികളില്‍ സാജിദ മുന്‍കൈയെടുത്ത് സത്താറുമായി സൗഹൃദമുണ്ടാക്കി കെണിയില്‍പ്പെടുത്തുകയായിരുന്നു.
ഹണി ട്രാപ്പില്‍ കുടുക്കി 3.75 ലക്ഷം രൂപയും ഏഴര പവന്‍ സ്വര്‍ണ്ണവും തട്ടിയെടുത്തെന്നാണ് കേസ്. അബ്ദുല്‍ സത്താറിനെ സാജിത മിസ് കോളിലൂടെയാണ് വലയിലാക്കിയത്. പിന്നീട് സത്താറിനെ കാഞ്ഞങ്ങാട് എത്തിച്ച പ്രതികള്‍ കല്യാണ നാടകവും നടത്തി. തങ്ങളുടെ മകളാണ് സാജിതയെന്ന് പറഞ്ഞാണ് ഉമ്മറും ഫാത്തിമയും പരിചപ്പെടുത്തിയിരുന്നത്.

കാഞ്ഞങ്ങാട് കൊവ്വല്‍പള്ളിയിലെ ഒരു വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. കിടപ്പുമുറിയില്‍ രസഹ്യ ക്യാമറ സ്ഥാപിച്ച് സംഘം സാജിതയുടേയും സത്താറിന്‍റേയും ദൃശ്യങ്ങള്‍ പകര്‍ത്തി. ഇവ സത്താറിന്‍റെ ഭാര്യക്കും ബന്ധുക്കള്‍ക്കും അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണവും സ്വര്‍ണ്ണവും കവര്‍ന്നത്.

വിവാഹം ചെയ്ത കാര്യം കൊച്ചിയിലെ ബന്ധുക്കള്‍ അറിയാതിരിക്കാനാണ് സത്താര്‍ പണം നല്‍കിയത്. എന്നാല്‍ പിന്നീട് വീണ്ടും ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് സത്താറിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്. സാജിദക്കെതിരെ നേരത്തേയും ഇത്തരത്തില്‍ പരാതിയുണ്ടായിരുന്നു. വീണ്ടും ഉമ്മറും ഫാത്തിമയും കൊലക്കേസ് പ്രതികളാണ്. ഫാത്തിമയുടെ മുന്‍ ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞിയെ കൊലപ്പെടുത്തിയ കേസിലാണ് ഇരുവരും പ്രതിപ്പട്ടികയിലുള്ളത്.

ഫാത്തിമയും കാമുകന്‍ ഉമ്മറും ചേര്‍ന്ന് മുഹമ്മദ് കുഞ്ഞിയെ കൊന്ന് ചാക്കില്‍ കെട്ടി ചന്ദ്രഗിരിപ്പുഴയില്‍ ഉപേക്ഷിച്ചതായാണ് 2012 ല്‍ കണ്ടെത്തിയത്. ഹണി ട്രാപ്പ് സംഘത്തില്‍ കൂടുതല്‍ അംഗങ്ങള്‍ ഉള്ളതായാണ് ഹൊസ്ദുര്‍ഗ് പൊലീസിന്‍റെ നിഗമനം. ഇവർ കൂടുതല്‍ പേരെ ഹണിട്രാപ്പില്‍ കുടുക്കിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

0Shares