
കൊച്ചി പനമ്പള്ളി നഗറിൽ ലോക്ക് ഡൗൺ ലംഘിച്ച് പ്രഭാത നടത്തത്തിന് ഇറങ്ങിയ 41 പേരെ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനങ്ങളോട് ലോക്ക് ഡൗൺ ലംഘിച്ചാൽ അറസ്റ്റ് ചെയ്യണമെന്ന് കേന്ദ്ര സർക്കാർ കർശന നിർദ്ദേശം നൽകിയിരുന്നതാണ്. സംസ്ഥാനസർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് തന്നെ രാവിലെ പ്രഭാതനടത്തത്തിനോ, വൈകിട്ട് സായാഹ്നസവാരിക്കോ പോകരുത് എന്ന് കർശനനിർദേശം നൽകിയിരുന്നതാണ്.

അറസ്റ്റിലായവരിൽ രണ്ട് സ്ത്രീകളുമുണ്ട്. നഗരത്തിലെ സമ്പന്നർ താമസിക്കുന്ന മേഖലയായ പനമ്പള്ളി നഗറിലെ വാക്ക് വേയിൽ പോലീസ് രാവിലെ ഡ്രോൺ നിരീക്ഷണം നടത്തിയിരുന്നു. ഇതേത്തുടർന്നാണ് പോലീസെത്തി കൂട്ട അറസ്റ്റ് രേഖപ്പെടുത്തിയത്. എപ്പിഡെമിക് ഡീസീസസ് ആക്ട് അനുസരിച്ച് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
കേന്ദ്രസർക്കാരിന്‍റെ ദേശവ്യാപക ലോക്ക് ഡൗൺ കൂടി നിലവിൽ വന്നതോടെ വ്യവസ്ഥകൾ കർശനമാക്കി. എന്നാൽ പോലീസ് പരിശോധനയിൽ അൽപമൊരു അയവ് വന്നതോടെ വീണ്ടും പനമ്പള്ളി നഗർ ഉൾപ്പടെയുള്ള മേഖലയിൽ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങി നടക്കുന്നുണ്ട് എന്ന വിവരത്തെത്തുടർന്നാണ് പോലീസ് ഇവിടെ നിരീക്ഷണം നടത്തിയത്.
