
കൊച്ചി മെട്രോ നിര്‍മിച്ചതിനു ശേഷവും റോഡിലെ തിരക്ക് കുറയാതിരിക്കുന്നതിന് കാരണം ഉയര്‍ന്ന മെട്രോ നിരക്കാണെന്ന് ഇ. ശ്രീധരന്‍. റോഡിലെ തിരക്ക് നിയന്ത്രിക്കാനായാണ് മെട്രോ നിര്‍മിക്കുന്നതെന്നും അല്ലാതെ ലാഭമുണ്ടാക്കാന്‍ അല്ലെന്നും ശ്രീധരന്‍ പറഞ്ഞു.
ഇന്ത്യ അല്ലാതെ ലോകത്തിലെ ഒരു രാജ്യവും ലാഭത്തിനുവേണ്ടിയല്ല മെട്രോ നിര്‍മിക്കുന്നത്. ഇത് തെറ്റായ നയമാണ്. സമൂഹത്തിന് ആവശ്യമായ ഒന്നാണ് മെട്രോ.- എന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിൻ്റെ എക്‌സ്പ്രസ് ഡയലോഗില്‍ ശ്രീധരന്‍ പറഞ്ഞു. കൊച്ചി മെട്രോയുടെ നിയന്ത്രണം തൻ്റെ കയ്യിലായിരുന്നെങ്കില്‍ നിരക്ക് 30 ശതമാനം കുറച്ച് കൂടുതല്‍ പെരെ മെട്രോയില്‍ യാത്ര ചെയ്യിക്കുമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
മെട്രോ സാമ്പത്തികമായി വിജയിക്കണമെങ്കില്‍, ഒരു ലൈനില്‍ കുറഞ്ഞത് 1 ലക്ഷം യാത്രക്കാരെങ്കിലും വേണം. പ്രവര്‍ത്തന ചെലവ് കുറയ്ക്കണം. അവര്‍ക്ക് ധാരാളം സ്റ്റാഫുണ്ട്, കൂടാതെ നിരവധി കാര്യങ്ങളും ഉണ്ട്. അവര്‍ റിക്രൂട്ട്‌മെന്റ് കുടുംബശ്രീയെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇതെല്ലാം കെ.എം.ആര്‍.എലിനെ നശിപ്പിക്കുമെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.

കെ റെയില്‍ എന്ന ആശയം മികച്ചതാണെന്നും അത് സംസ്ഥാനത്തിന് ആവശ്യമാണെന്നും മെട്രോ മാന്‍ ഇ . ശ്രീധരന്‍. വടക്ക് നിന്ന് തെക്ക് വരെ അതിവേഗ റെയില്‍ ഗതാഗതം നമുക്ക് ആവശ്യമാണെന്നും കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള അതിവേഗ റെയില്‍പാതയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഞാന്‍ തയ്യാറാക്കി. ഈ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍, ഇത് വളരെ ചെലവേറിയതും സമയമെടുക്കുന്നതുമാണെന്ന് അവര്‍ പറഞ്ഞു.
എലിവേറ്റഡ് അല്ലെങ്കില്‍ ഭൂഗര്‍ഭ ലൈന്‍ വികസിപ്പിക്കുക എന്നതായിരുന്നു എൻ്റെ നിര്‍ദ്ദേശം. അത് അംഗീകരിക്കപ്പെട്ടില്ല. അവര്‍ ഒരു സെമിഹൈസ്പീഡ് പ്രോജക്റ്റ് നിര്‍ദ്ദേശിച്ചു, പക്ഷേ ഒടുവില്‍ ഒന്നും പുറത്തുവന്നില്ല. ഇത് സംസ്ഥാനത്തിന് വലിയ നഷ്ടമാണ്.- ശ്രീധരന്‍ വ്യക്തമാക്കി.
