
കൊച്ചി മെട്രോയില്‍ ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത എറണാകുളത്തെ പൊതുജനങ്ങള്‍ക്ക് ഞായറാഴ്ച സൗജന്യ യാത്ര.100 പേരടങ്ങുന്ന ആദ്യസംഘത്തിന് രാവിലെ 11ന് പുളിഞ്ചുവട് സ്റ്റേഷന് മുതല്‍ കുസാറ്റ് വരെയും തിരിച്ചും യാത്ര ചെയ്യാം.12.30ന് 125 പേരടങ്ങുന്ന രണ്ടാം സംഘത്തിന് വൈറ്റില മെട്രോ സ്റ്റേഷന് മുതല്‍ എം.ജി റോഡ് വരെയും തിരിച്ചുമായിരിക്കും യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുക.

വൈകീട്ട് നാലിന് തുടങ്ങുന്ന മൂന്നാമത്തെ സംഘത്തിന്റ യാത്രയില്‍ 150 പേര്‍ക്ക് പങ്കെടുക്കാം. ജെ.എല്‍.എന്‍ സ്റ്റേഡിയം മുതല്‍ പത്തടിപ്പാലം വരെയായിരിക്കും ഇവര്‍ക്ക് യാത്ര ചെയ്യാനാകുക. കൊച്ചി മെട്രോ ഉദ്യോഗസ്ഥര്‍ യാത്രയില്‍ പങ്കുചേരുകയും മെട്രോ ട്രെയിനിൻ്റെയും സ്റ്റേഷൻ്റെയും ഉള്ളിലെ പ്രത്യേകതകള്‍ വിശദീകരിക്കുകയും ചെയ്യും.
യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ടിക്കറ്റ് കൗണ്ടറിലെത്തി സംഘത്തിലുള്ളവരുടെ എണ്ണം സംബന്ധിച്ച വിവരം കൈമാറണം. ശേഷം കെ.എം.ആര്.എല്‍ ഉദ്യോഗസ്ഥര്‍ ഇവരെ ട്രെയിനിലേക്ക് കൂട്ടിക്കൊണ്ടുപോകും.
സംഘത്തിലെ ഏതെങ്കിലും വ്യക്തി നിശ്ചയിച്ചിരിക്കുന്ന സ്റ്റേഷനും കടന്ന് യാത്ര ചെയ്താല്‍ ടിക്കറ്റിങ് സംവിധാനം അനുസരിച്ചുള്ള നിരക്ക് അവരില്‍നിന്ന് ഈടാക്കുമെന്നും കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.
