
എറണാകുളം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും കനത്തമഴ. ശക്തമായ മഴയില്‍ എറണാകുളം നഗരത്തിൻ്റെ പലഭാഗങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു.
അപ്രതീക്ഷിതമായി പെയ്‌ത കനത്ത മഴയില്‍ നാശനഷ്ടവും ജീവഹാനിയും ഗതാഗതക്കുരുക്കും. മഴക്കെടുതിയില്‍ മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ശക്തമായ മഴയിലും കാറ്റിലും വീട്ടുമുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. ആലപ്പുഴ കുളങ്ങര ധര്‍മ്മപാലൻ്റെ മകന്‍ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്.
കാസർകോട്, ഹൊസ്ദുർഗ് താലൂക്കിലെ കാഞ്ഞങ്ങാട് സൗത്ത്, അരയിൽ വട്ടത്തോട്, ബാക്കോട്ട് ഹൗസ് അബ്ദുള്ള കുഞ്ഞ് ബി.കെയുടെ മകൻ മുഹമ്മദ് സിനാൻ ബി.കെ (16) പുഴയിൽ മുങ്ങി മരിച്ചു. ചൊവാഴ്‌ച 11.30ന് അരയിപുഴയുടെ ഭാഗമായിട്ടുള്ള കാർത്തിക പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി മരണപ്പെടുക ആയിരുന്നു .കുടെ കുളിക്കാൻ ഉണ്ടായിരുന്ന രണ്ട് കുട്ടികൾ രക്ഷപ്പെട്ടു.

എറണാകുളം വേങ്ങൂരില്‍ കുളിക്കാന്‍ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിൻ്റെ മകന്‍ എല്‍ദോസ് ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ആനാപ്പുഴയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ കാവില്‍കടവ് സ്വദേശി പാറെക്കാട്ടില്‍ ഷോണ്‍ സി ജാക്‌സണ്‍ (12) ആണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ മുതലാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കാക്കനാട് ഇന്‍ഫോ പാര്‍ക്ക്, ആലുവ- ഇടപ്പള്ളി റോഡ്, പാലാരിവട്ടം- കാക്കനാട് റോഡ്, സഹോദരന്‍ അയ്യപ്പന്‍ റോഡ് എന്നിവിടങ്ങളിലാണ് പ്രധാനമായി വെള്ളം കയറിയത്. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. കടകളിലേക്കും വെള്ളം കയറിയിട്ടുണ്ട്.
ചൊവാഴ്‌ച രാവിലെ ഏഴുമണി മുതലാണ് എറണാകുളത്ത് കനത്തമഴ അനുഭവപ്പെട്ട് തുടങ്ങിയത്. കനത്തമഴയില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടതോടെ റോഡില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമായത്.
ഇതുമൂലം പലര്‍ക്കും കൃത്യസമയത്ത് ഓഫീസില്‍ എത്താന്‍ സാധിച്ചില്ല. റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ കാല്‍നടയാത്രക്കാരും ദുരിതത്തിലായി.
ഇടപ്പള്ളി മരോട്ടിച്ചുവടില്‍ വീടുകളിലും റോഡിലും വെള്ളം കയറി. വൈറ്റില, കളമശേരി, കലൂര്‍, എംജി റോഡ്, എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. മഴയോടനുബന്ധിച്ചുള്ള ശക്തമായ കാറ്റില്‍ ഫോര്‍ട്ട് കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസിന് മുകളില്‍ മരം വീണു. ആര്‍ക്കും പരിക്കില്ല. ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപം ദേശീയപാതയില്‍ മരം വീണത് വാഹനഗതാഗതം തടസ്സപ്പെടാന്‍ ഇടയാക്കി.
