
കിങ്ഫിഷർ ബിയർ നിർമ്മാതാക്കളായ യുണൈറ്റഡ് ബ്രൂവെറീസ് കമ്പനി 150 ഓളം ജീവനക്കാരെ പിരിച്ചു വിട്ടു. സീനിയർ, മിഡിൽ മാനേജ്മെന്റ് തലത്തിലുള്ളവരെയാണ് പിരിട്ടു വിട്ടത്. കമ്പനിയിലെ 3000ഓളം വരുന്ന ജീവനക്കാരിൽ അഞ്ച് ശതമാനം പേരാണ് ഇപ്പോൾ പടിയിറങ്ങുന്നത്. വിജയ് മല്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന യുണൈറ്റഡ് ബ്രൂവറീസ് ഏതാനും മാസങ്ങൾക്ക് മുൻപാണ് ഡച്ച് കമ്പനിയായ ഹായ്നികൻ്റെ നിയന്ത്രണത്തിലായത്.

എന്നാൽ ജീവനക്കാരുടെ പിരിച്ചു വിടലിന് കമ്പനിയുടെ ഉടമസ്ഥ കൈമാറ്റവുമായി ബന്ധമില്ലെന്നും കൂടുതൽ കാര്യക്ഷമവും ഭാവി ആവശ്യങ്ങൾക്ക് അനുസൃതമായതുമായ സ്ഥാപന ഘടന ഉറപ്പാക്കാനാണ് ഈ നടപടിയെന്നും കമ്പനി അറിയിച്ചു.
പിരിച്ചു വിട്ട ജീവനക്കാർക്ക് ആനുകൂല്യങ്ങളും ഔട്ട്പ്ലേസ്മെന്റ് സേവനങ്ങളും ആരോഗ്യ സംബന്ധമായ ആനുകൂല്യങ്ങളും കൗൺസിലിങ് സേവനങ്ങളും നൽകുന്നുണ്ടെന്നും കമ്പനി വക്താക്കൾ അറിയിച്ചു. കമ്പനിയിലെ ഓഹരി ശതമാനം 46.5 ശതമാനത്തിൽ നിന്ന് 61.5 ശതമാനമായി വർദ്ധിപ്പിച്ച് ജൂണിലാണ് ഹായ്നികൻ യുണൈറ്റഡ് ബ്രുവറീസിൻ്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തത്.
