തെളിനീരൊഴുകും നവകേരളം : കിനാനൂര്‍ – കരിന്തളം ഗ്രാമ പഞ്ചായത്ത് മഴക്കാല പൂര്‍വ ശുചീകരണത്തിന് ഒരുങ്ങി

  • Post category:local news
  • Reading time:1 min read
You are currently viewing തെളിനീരൊഴുകും നവകേരളം : കിനാനൂര്‍ – കരിന്തളം ഗ്രാമ പഞ്ചായത്ത് മഴക്കാല പൂര്‍വ ശുചീകരണത്തിന് ഒരുങ്ങി

കാസർകോട്: കേരള സര്‍ക്കാരിൻ്റെ തെളിനീരൊഴുകും നവകേരളത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന മഴക്കാല പൂര്‍വ ശുചീകരണം, പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ജല ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി എന്നിവ വിജയിപ്പിക്കുന്നതിന് വിപുലമായ മുന്നൊരുക്കങ്ങള്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ ആരംഭിച്ചു. മുന്നൊരുക്കങ്ങളുടെ ഭാഗമായി ഭരണ സമിതി യോഗം ചേര്‍ന്ന് പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു.

ഏപ്രില്‍ 25നകം വാര്‍ഡ്തല ജാഗ്രതാ സമതിയോഗം ചേര്‍ന്ന് വാർഡ് തല പരിപാടികള്‍ ആസൂത്രണം ചെയ്യും. ഏപ്രില്‍ 30നകം വന്‍ ജനപങ്കാളിത്തത്തോടെ മുഴുവന്‍ ഗ്രാമസഭകളും ചേരും. വാർഡ് തല മാപ്പിംഗ്, ജല നടത്തം, ക്ലസ്റ്റര്‍ രൂപീകരണം എന്നിവ നടക്കും. മെയ് മൂന്നിനകം പഞ്ചായത്തിനകത്തെ മുഴുവന്‍ സ്ഥാപനങ്ങളും , വ്യാപാരസ്ഥാപനങ്ങളും ശുചീകരിക്കും. തോടുകള്‍, നീര്‍ചാലുകള്‍, കുളങ്ങള്‍, ജലാശയങ്ങള്‍ എന്നിവ ശുചീകരിക്കും. മെയ് അഞ്ചിന് മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് വീടുകളും പരിസരങ്ങളും സന്ദര്‍ശിച്ച് ശുചീകരണം ഉറപ്പു വരുത്തും. ഞായറാഴ്ച വീടുകളിലും, വെള്ളിയാഴ്ച സ്ഥാപനങ്ങളും , വ്യാപാര സ്ഥാപനങ്ങളും ഡ്രൈഡേ ആചരിക്കും.

ഇതിൻ്റെ മുന്നോടിയായി പഞ്ചായത്ത് തല ശില്പശാല കുടുംബശ്രീ ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി ശാന്ത അധ്യക്ഷതയായി . മെഡിക്കല്‍ ഓഫിസര്‍ ഡോ.ജിഷ മുങ്ങത്ത് , ഡോ.രാജേഷ് കരിപ്പത്ത് , സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി.അജിത്ത് കുമാര്‍ , സി .എച്ച്. അബ്ദുള്‍ നാസര്‍ , ആസുത്രണ സമിതി ഉപാധ്യക്ഷന്‍ പാറക്കോല്‍ രാജന്‍, എച്ച്‌. ഐ ജഗദീശന്‍ , സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഉഷാ രാജു , പഞ്ചായത്ത് സെക്രട്ടറി എന്‍.മനോജ് അസിസ്റ്റന്റ് സെക്രട്ടറി പി.യു. ഷില, ജനപ്രതിനിധികള്‍, ആരോഗ്യ മേഖലയിലെ ബന്ധപ്പെട്ട വകുപ്പ് ജീവനക്കാര്‍, തൊഴിലുറപ്പ് പ്രതിനിധികള്‍, ഊര് മൂപ്പന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares