
തിരുവനന്തപുരം: പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ കണ്ടെത്തി. കുട്ടിയെ കിട്ടിയത് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് അടുത്ത് നിന്നാണ്. ഓടയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടി. കുഞ്ഞിൻ്റെ ആരോഗ്യ നിലയിൽ പ്രശ്‌നങ്ങൾ കാണുന്നില്ലെന്ന് ഡി.സി.പി നിതിൻ രാജ് പറഞ്ഞു. കുട്ടിയെ ജനറൽ ആശുപത്രിയിലേക്ക് ശുശ്രുഷയ്ക്ക് എത്തിച്ചു.
കാണാതായ സംഭവം തട്ടിക്കൊണ്ടുപോകല്‍ തന്നെയെന്ന് പൊലീസ് നേരത്തേ തന്നെ സ്ഥിരീകരിച്ചിരുന്നു. കുട്ടിയെ കണ്ടെത്തിയത് 15 മിനിറ്റ് മുമ്പാണ്. ഇതുവരെ ആരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല.
സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മൂന്ന് ടീമുകള്‍ ആയി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്.

കുട്ടിയുടെ മാതാവിനെ സംഭവസ്ഥലത്ത് എത്തിച്ചു പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. രണ്ടു വയസ്സുകാരി മേരിയുടെ സഹോദരൻ്റെ മൊഴി അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സഹോദരന്‍ കണ്ടെന്ന് പറയുന്ന മഞ്ഞ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇത് സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിരുന്നില്ല.
നേരം പുലർന്ന് പകൽ സന്ധ്യ മയങ്ങുമ്പോഴേക്കും കാണാതായ കുഞ്ഞിനെ കണ്ടെത്തി ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് മാതാപിതാക്കൾക്ക് സമ്മാനിച്ച കേരള പൊലീസിന് വീണ്ടുമൊരു അഭിമാന നേട്ടമായി.
