ഇന്ന് ഒരു കോവിഡ് കേസുമില്ലാതെ കേരളത്തിന് ആശ്വാസദിനം; കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയുടെ ഫലം നെഗറ്റിവ്

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ന് ഒരു കോവിഡ് കേസുമില്ലാതെ കേരളത്തിന് ആശ്വാസദിനം; കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയുടെ ഫലം നെഗറ്റിവ്

കേരളത്തിൽ ഇന്ന് പുതിയ കോവിഡ് കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം സ്ഥിരീകരിച്ച് കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയുടെ ഫലം ഇന്ന് നെഗറ്റീവായതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. അതേസമയം ഇതുവരെ സംസ്ഥാനത്ത് 401 പേർ രോഗമുക്തരായി. 95 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

21,720 പേര്‍ നിരീക്ഷണത്തിലാണ്. 21, 332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലും. കേരളത്തില്‍ ഇന്ന് നാല് പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 84 ആയി.

63 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 32,217 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 31,611 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതിന് പുറമേ സെന്റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2391 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 1683 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

0Shares