
സംസ്ഥാനത്ത് കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾ പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷൻ രൂപീകരിക്കാൻ സംസ്ഥാന മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം. ജസ്റ്റിസ് വി. കെ മോഹനൻ ആണ് കമ്മീഷൻ അധ്യക്ഷൻ. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് സംസ്ഥാന സർക്കാർ കടുത്ത നിലപാടുമായി രംഗത്തുവന്നിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി നേടിയ ശേഷമാകും ഇത് നടപ്പാക്കാകുക. സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങി അഞ്ചു കാര്യങ്ങളാണ് കമ്മിഷന്‍റെ പരിഗണനയിൽപ്പെടുത്തുക.

സ്വപ്നയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതികൾക്കുമേലുള്ള സമ്മർദം, അതിനു പിന്നിൽ ആരൊക്ക തുടങ്ങിയ കാര്യങ്ങളും കമ്മിഷൻ പരിഗണിക്കും. ഗൂഢാലോചനയിൽ ഉൾപ്പെട്ടവർക്കിരെ സ്വീകരിക്കേണ്ട നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിനാണ് ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചിരിക്കുന്നത്.
