എന്തുവന്നാലും സിൽവർ ലൈൻ നടപ്പാക്കുമെന്ന് പറയാൻ കേരളം പിണറായിയുടെ സ്വകാര്യസ്വത്തല്ല; അനുവാദമില്ലാതെ പിണറായി വിജയൻ വന്ന് കുറ്റിനാട്ടിയാലും പറിച്ചിരിക്കും: കെ. സുധാകരൻ

  • Post category:news
  • Reading time:1 min read
You are currently viewing എന്തുവന്നാലും സിൽവർ ലൈൻ നടപ്പാക്കുമെന്ന് പറയാൻ കേരളം പിണറായിയുടെ സ്വകാര്യസ്വത്തല്ല; അനുവാദമില്ലാതെ പിണറായി വിജയൻ വന്ന് കുറ്റിനാട്ടിയാലും പറിച്ചിരിക്കും: കെ. സുധാകരൻ

സിൽവർ ലൈനിനെതിരെ പ്രതിഷേധ പരിപാടികൾ ശക്തമാക്കുമെന്ന് കോൺഗ്രസ്. സിൽവർ ലൈൻകടന്നുപോകുന്ന ഇടങ്ങളിലൂടെ പദയാത്ര നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. എന്തുവന്നാലും സിൽവർ ലൈൻ നടപ്പാക്കുമെന്ന് പറയാൻ കേരളം പിണറായിയുടെ സ്വകാര്യസ്വത്തല്ല. അനുവാദമില്ലാതെ പിണറായി വിജയൻ വന്ന് കുറ്റിനാട്ടിയാലും കുറ്റിപറച്ചിരിക്കും.

ജനങ്ങളെ അണിനിരത്തിയാകും കോൺഗ്രസിൻ്റെ സമരം. ജനങ്ങളുടെ ആശങ്കപരിഹരിക്കാതെയാണ് സിൽവർ ലൈനുമായി പിണറായി സർക്കാർ മുന്നോട്ടുപോകുന്നത്. കെ റെയിൽ വേണ്ട കേരളം മതി എന്ന കോൺഗ്രസിൻ്റെ മുദ്രാവാക്യത്തിന് വലിയ പ്രാധാന്യമാണ് ലഭിച്ചതെന്നും കെ. സുധാകരൻ പറഞ്ഞു. കേരളം വർഗീയകലാപത്തിലേക്ക് പോയാൽ അതിൻ്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. പിണറായി അധികാരത്തിലേറിയതിന് പിന്നാലെ 60 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്.

മുമ്പെങ്ങുമില്ലാത്ത രീതിയിലാണ് സംസ്ഥാനത്ത് കൊല നടക്കുന്നത്. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരത്തിൽ കൊലപാതകങ്ങൾ നടക്കുന്നില്ല. ഈ സംസ്ഥാനം മൊത്തം ലഹരിമരുന്നിന് അടിമയാണ്. ഡി.വൈ.എഫ്‌.ഐ നേതാക്കൾക്ക് ലഹരിമരുന്നുമായി അടുത്ത ബന്ധമുണ്ട്. ഒന്നരവർഷമായി കൊടി സുനി പുറത്താണ്. സുനി ലഹരിക്കച്ചവടമാണ് പുറത്തുനടന്നതെന്നും സുധാകരൻ പറഞ്ഞു.സംസ്ഥാനത്ത് മൂന്ന് വർഷത്തിനിടെ 1019 പേർ കൊല്ലപ്പെട്ടു. പൊലീസിലെ ക്രിമിനൽ വത്കരണം കൂടി ഇതിന് കാരണമാണ്. കേരളപൊലീസിൻ്റെ ഇന്റലിജൻസ് സംവിധാനം വെറും നോക്കുകുത്തിയായി.

ഇന്റലിജൻസ് പിരിച്ചുവിടുകയാണ് വേണ്ടത്. മുഖ്യമന്ത്രിയുടെ സംരക്ഷണത്തിന് വേണ്ടിമാത്രമാണ് ഇവിടുത്തെ പൊലീസ് നിലകൊള്ളുന്നത്. വർഗീയതയ്ക്കും മതതീവ്രവാദത്തിനുമെതിരെ മാനവീയ ജനകീയ പ്രതിരോധവുമായി പാലക്കാട് ഏപ്രിൽ26ന് ശാന്തിപദം സംഘടിപ്പിക്കും. സംസ്ഥാന സർക്കാരിൻ്റെ ജനവിരുദ്ധ നയത്തിനെതിരെ 25,000 കേന്ദ്രങ്ങളിൽ മെയ് മാസത്തിൽ സർക്കാരിനെതിരെ കുറ്റപത്രം സമർപ്പിക്കുമെന്നും കെ. സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

0Shares