
കാസർകോട് ജില്ലയിൽ ചെറുവത്തൂരിൽ ഷവർമ്മയിൽ നിന്ന് വിഷബാധയുണ്ടായ സംഭവത്തിൽ ഭക്ഷ്യ സാമ്പിളുകളിൽ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. ഐഡിയൽ ഫുഡ് പോയന്റിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്.

ഇവിടെ നിന്നും ശേഖരിച്ച ഷവർമ്മ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികൾ എന്നിവയാണ് കോഴിക്കോട്ടെ റീജ്യണൽ അനലറ്റിക്കൽ ലാബിൽ പരിശോധിച്ചത്. വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്തതെന്നാണ് റിപ്പോർട്ട്. ഷിഗെല്ല, സാൽമണെല്ല ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടോ എന്നുള്ള പരിശോധന നടക്കുകയാണ്.
കഴിഞ്ഞ ദിവസം ഐഡിയൽ ഫുഡ് പോയന്റിൽ നിന്ന് ഷവർമ്മ കഴിച്ച സ്‌കൂൾ വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയെത്തുടർന്ന് മരിച്ചിരുന്നു. മുപ്പതിലേറെ പേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടുകയും ചെയ്തു.
