
മഞ്ചേശ്വരം / കാസർകോട്: ഡൽഹി കേന്ദ്രീകരിച്ച് നടന്ന കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടുകളെ കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) മഞ്ചേശ്വരത്ത് എത്തി. കേസുമായി ബന്ധപ്പെട്ട് അടുത്തിടെ ബംഗളുരുവിൽ പ്രധാന പ്രതികളിൽ ഒരാളായ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. അയാളിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം മഞ്ചേശ്വരത്ത് എത്തിയത്.
മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തു. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഏജൻസി പുറത്തു വിട്ടിട്ടില്ല.

അതേസമയം മറ്റൊരു എൻ.ഐ.എ സംഘം ഞായറാഴ്‌ച കൊച്ചിയിലെത്തി രണ്ടിടങ്ങളിൽ റെയ്‌ഡ് നടത്തിയിരുന്നു.
പോപ്പുലർ ഫ്രണ്ട് പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്. എടവനക്കാട്, പഴങ്ങാട് സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ ഇർഷാദ് എന്ന ആളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തിരുന്നു. നേരത്തെ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ടിൻ്റെ ആയുധ പരിശീലകൻ മുഹമ്മദ് മുബാറകിൻ്റെ എടവനാട്ടുള്ള ബന്ധുവിൻ്റെ വീട്ടിലും അന്വേഷണ സംഘം റെയ്‌ഡ് നടത്തിയിരുന്നു.
