
ബേഡകം/ കാസർകോട്: കുറ്റിക്കോൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ രണ്ട് ദിവസം മുമ്പ് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കാറ്റില്‍ പറത്തി കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ ഗൃഹസന്ദർശനങ്ങൾ വിവാദമാകുന്നു . കോവിഡുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ സ്വീകരിക്കാതെയാണ് എം.പിയുടെ ഗൃഹസന്ദർശനങ്ങൾ.

ഇതുമായി ബന്ധപ്പെട്ട നിരവധി ഫോട്ടോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എം.പി ഉണ്ണിത്താൻ മാസ്ക് ധരിക്കാതെ കുട്ടികളോടൊപ്പം ചേർന്നുനിൽക്കുന്ന ഫോട്ടോയും കാണാം. മാസ്ക് കയ്യിൽ ഉണ്ടെങ്കിലും അദ്ദേഹം അത് മുഖത്ത് ധരിച്ചിരുന്നില്ല. മാത്രമല്ല കൊറോണ മുൻകരുതൽ സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ ചട്ടങ്ങളും എം.പി ലംഘിച്ചുവെന്നാണ് പരാതി. നിരവധി ആളുകളോടൊപ്പം ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയും കാണാം.

ഇത് സംബന്ധിച്ച് ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് കമ്മിറ്റി മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും, ജില്ലാ കലക്ടർക്കും, ജില്ലാ പോലീസ് ചീഫിനും പരാതി നൽകിയിട്ടുണ്ട്. എം.പിയുടെ മുൻകരുതൽ നടപടികൾ സ്വീകരിക്കാതെയുള്ള സന്ദര്‍ശനങ്ങളെ പറ്റിയാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി ജനപ്രതിനിധികൾക്കെതിരെ
വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്. കോവിഡിന്‍റെ ദുരന്ത പശ്ചാത്തലത്തിൽ ഒരു ജനപ്രതിനിധിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ച്ച നാട്ടുകാർക്കിടയിലും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
