
കാസർകോട്: സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കാസർകോട്ബദ്രടുക്കയിലെ ഭെല്‍ ഇ.എം.എല്‍. കമ്പനി കെല്‍(കേരള ഇല്കട്രിക്കല്‍സ് മെഷീന്‍സ് ലിമിറ്റഡ്) ആയി ഫെബ്രുവരി പകുതിയോടെ ഉദ്പാദനം തുടങ്ങുമെന്നും ഒദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പി.ആര്‍. ചേംബറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കമ്പനിയുടെ പ്രവര്‍ത്തനത്തിനായി 20 കോടി രൂപയുടെ ഉത്തരവ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.പി.എം. മുഹമ്മദ് ഹനീഷിന് കൈമാറിയിട്ടുണ്ട്. കെല്‍ -ൻ്റെ ആധുനിക വല്‍ക്കരണം സാധ്യമാക്കി പ്രവര്‍ത്തനം പുനരാരംഭിക്കുകയാണ്. അടഞ്ഞു കിടന്ന ഫാക്ടറിയിലെ യന്ത്രങ്ങള്‍ നന്നാക്കിയിട്ടുണ്ട്. മേല്‍ക്കൂര മുഴുവനായി മാറ്റി്.

സംസ്ഥാന സര്‍ക്കാരിനു കീഴിലുളള പൊതുമേഖലാ പുനരുദ്ധാരണ സ്ഥാപനമായ റിയാബിൻ്റെ നിര്‍ദ്ദേശപ്രകാരം കമ്പനിയിലെ മെഷിനറികളുടെ നവീകരണവും അറ്റകുറ്റ പണികളും നടന്നു വരികയാണ്. ജീവനക്കാരുമായി എം.ഒ.യു. ഒപ്പുവെക്കും. ശമ്പളവര്‍ദ്ധനവ് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ സ്ഥാപനം മെച്ചപ്പെട്ടതിനുശേഷം തീരുമാനിക്കും. ശമ്പള കുടിശ്ശിക നല്‍കുന്നതിനുളള ഒരു വിഹിതം നിലവില്‍ അനുവദിച്ചിരിക്കുന്ന 20 കോടിയില്‍ നിന്നും നല്‍കും.
ഇതോടൊപ്പം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ എസ്റ്റേറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. മടിക്കൈ ഗുരുവനത്ത് ആരംഭിക്കുന്ന വ്യവസായ എസ്റ്റേറ്റില്‍ ഏപ്രില്‍ മാസത്തോടെ ഭൂമി വ്യവസായ സംരഭകര്‍ക്ക് അനുവദിക്കും. അനന്തപുരം എസ്റ്റേറ്റിലും അവശേഷിക്കുന്ന ഭൂമി സംരഭകര്‍ക്ക് അനുവദിക്കും. കെല്‍ -ൻ്റെ 4.5 ഏക്കര്‍ സ്ഥലത്ത് കിന്‍ഫ്രയുടെ വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നത് പരിഗണനയിലുണ്ട്. അനന്തപുരത്ത് 104 ഏക്കറില്‍ 35 കമ്പനികള്‍ക്ക് ഭൂമി അനുവദിച്ചു. 2.5 ഏക്കറാണ് ഇനി അവിടെ അവശേഷിക്കുന്നത്. ചീമേനി ഐ.ടി. പാര്‍ക്ക് വ്യവസായ പാര്‍ക്കായി മാറ്റുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഐ.ടി. വകുപ്പില്‍ നിന്ന് ഭൂമി വിട്ടുകിട്ടുന്നതിനുളള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്.
കാസര്‍ഗോഡ് ആസ്ട്രല്‍ വാച്ചസിൻ്റെ ഭൂമിയില്‍ കെ.എസ്.ഐ.ഡി.സി. വ്യവസായ സംരംഭം ആരംഭിക്കും. 1.99 ഏക്കറാണ് ആസ്ട്രല്‍ വാച്ചസിൻ്റെ ഭൂമിയായി ഉളളത്. ഇന്ന് മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ മുന്‍കൂട്ടി ലഭിച്ച 47 അപേക്ഷളില്‍ 15 എണ്ണത്തില്‍ പൂര്‍ണ്ണമായും തീരുമാനമെടുത്തു. 10 അപേക്ഷകള്‍ പുതുതായി ലഭിച്ചു. മിനിസ്റ്റര്‍ ഡാഷ് ബോര്‍ഡ് വഴി വ്യവസായ സംരംഭകരുടെ അപേക്ഷകളിലെ പുരോഗതി അറിയാന്‍ കഴിയും.
