പ്രജകളെ അനുഗ്രഹിച്ച് മാവേലിയും വാമനനും; കാസർകോട്ടെ ഡി.ടി.പി.സി ഓണാഘോഷത്തിന് തുടക്കമായി

  • Post category:local news
  • Reading time:1 min read
You are currently viewing പ്രജകളെ അനുഗ്രഹിച്ച് മാവേലിയും വാമനനും; കാസർകോട്ടെ ഡി.ടി.പി.സി ഓണാഘോഷത്തിന് തുടക്കമായി

കാസർകോട്: പ്രജകളോട് ക്ഷേമാന്വേഷണങ്ങളുമായി മാവേലിയും വാമനനും നഗരത്തിലിറങ്ങി. അകമ്പടിയായി അരമണികെട്ടിയ പുലികളുമായതോടെ സംഗതി ഗംഭീരമായി. ദേശസഞ്ചാരത്തിനിടയില്‍ കണ്ടവരെയെല്ലാം മാവേലി അനുഗ്രഹിച്ചു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് നടത്തുന്ന ഓണാഘോഷത്തിൻ്റെ വിളംബരമായിട്ടാണ് മാവേലി ദേശസഞ്ചാരം നടത്തിയത്.

വിദ്യാനഗര്‍, കളക്ടറേറ്റിലെ വിവിധ ഓഫീസുകള്‍, ജില്ലാ പഞ്ചായത്ത്, കാസര്‍കോട് നഗരം എന്നിവിടങ്ങളിലെല്ലാം മാവേലിയെത്തി. അഞ്ച് ദിവസങ്ങളിലായുള്ള് ഡി.ടി.പി.സിയുടെ ഓണാഘോഷ പരിപാടികള്‍ക്ക് വിദ്യാനഗര്‍ സ്റ്റേഡിയം കോര്‍ണറില്‍ തുടക്കമായി. വൈകിട്ട് ആറ് മണിക്ക് കുടുംബശ്രീ പ്രവര്‍ത്തകരുടെ തിരുവാതിര, ഒപ്പന എന്നിവ അരങ്ങേറി. ഏഴ് മണിക്ക് ഭാരത് ഭവന്‍ സൗത്ത്സോണ്‍ കള്‍ച്ചറല്‍ സെന്ററിൻ്റെ ഇന്ത്യന്‍ വസന്തോത്സവം അരങ്ങിലെത്തി.

ഹരിയാന, ജമ്മു കാശ്മീര്‍, മണിപ്പൂര്‍, രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കലാകാരന്‍മാരുടെ നൃത്താവതരണമാണ് ഇതിൻ്റെ ആകര്‍ഷണീയത. രണ്ടാം ദിനമായ ഉത്രാടം നാളില്‍ നാല് മണി മുതല്‍ ഒപ്പമോണം പൊന്നോണം എന്ന പേരിലാണ് പരിപാടികള്‍. ആറ് മണിക്ക് ഗോപാലകൃഷ്ണ യക്ഷഗാന ബൊമ്മയാട്ട സംഘത്തിൻ്റെ യക്ഷഗാന പാവകളി അവതരിപ്പിക്കും. ഏഴ് മണിക്ക് ഭിന്നശേഷിയെ തോല്‍പ്പിച്ച് സംഗീതലോകത്ത് വിസ്മയങ്ങള്‍ തീര്‍ക്കുന്ന ലൈവ് മ്യൂസിക് ഷോ മര്‍വ്വാന്‍ മുനവ്വര്‍ ഓട്ടിസം ഡയറി അവതരിപ്പിക്കും. തിരുവോണദിവസമായ വ്യാഴാഴ്ച പരവനടുക്കം സര്‍ക്കാര്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പമാണ് ഓണാഘോഷം.

വെള്ളിയാഴ്ച കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്‌ക്വയറില്‍ രാവിലെ എട്ട് മണിക്ക് പൂക്കളമത്സരത്തോടെ പരിപാടികള്‍ ആരംഭിക്കും. വൈകിട്ട് ആറിന് അഴീക്കോടന്‍ ഗോത്രപ്പെരുമ രാവണീശ്വരം അവതരിപ്പിക്കുന്ന അലാമിക്കളി, വുമണ്‍സ് സ്റ്റാര്‍ പുതിയകണ്ടം അവതരിപ്പിക്കുന്ന ഓണക്കളി, കൈകൊട്ടിക്കളി എന്നിവ അരങ്ങിലെത്തും. രാത്രി ഏഴിന് കര്‍മ്മ സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക് കലാകാരന്‍മാരുടെ കണ്ണകി നൃത്തസംഗീത ശില്‍പ്പം അവതരിപ്പിക്കും.

ഓണാഘോഷത്തിന് സമാപനം കുറിക്കുന്ന ശനിയാഴ്ച വൈകിട്ട് മൂന്നിന് ജില്ലാതല വടംവലി മത്സരം കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്‌ക്വയറില്‍ നടക്കും. ആറ് മണിക്ക് കുടുംബശ്രീ കലാകാരികളുടെ തിരുവാതിര, സങ്കീര്‍ത്തന നാടന്‍കലാവേദി കോട്ടുമല വളഞ്ഞങ്ങാനം അവതരിപ്പിക്കുന്ന മംഗലംകളി എന്നിവയുടെ അവതരണമുണ്ടാകും. രാത്രി ഏഴിന് റെയിബാന്റ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയോടെ ഡി.ടി.പി.സി ഓണാഘോഷ പരിപാടികള്‍ക്ക് സമാപനമാകും.

0Shares